Join News @ Iritty Whats App Group

കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ; മലയോര മേഖലകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ; മലയോര മേഖലകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്


കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ നാല് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴ പെയ്തു തുടങ്ങിയത്. പ്രധാനമായും മലയോര മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്.

കോഴിക്കോട് കളക്ടർ നൽകിയ ജാഗ്രതാ നിർദേശം

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് നിലവിൽ കാലാവസ്ഥ മോഡലുകൾ ശക്തമായ മഴ സൂചന നൽകുന്നത്. ആയതിനാൽ ഈ ജില്ലകളിൽ വിശേഷിച്ച് ജില്ലകളുടെ മലയോര മേഖലകളിൽ ഇന്ന് രാത്രി അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. മലയോര റോഡുകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കേണ്ടതും മണ്ണിടിച്ചിൽ അപകട സാധ്യതയുള്ള ഇത്തരം റോഡുകളിൽ ഇന്ന് രാത്രി പൂർണ്ണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

മേൽ പരാമർശിച്ച ജില്ലകളിൽ താലൂക്ക് എമർജൻസി ഓപ്പേറഷൻസ് സെന്ററുകൾ പൂർണ്ണസജ്ജമായി ഇരിക്കേണ്ടതും ഓരോ മണിക്കൂർ ഇടവേളകളിലും വില്ലേജുകളിലെ മഴ വിവരങ്ങൾ ശേഖരിക്കേണ്ടതും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയേയും അറിയിക്കേണ്ടതുമാണ്.

മലയോര മേഖലയിലും പെട്ടെന്ന് വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും അടിയന്തരമായി ക്യാമ്പുകൾ തയ്യാറാക്കി വെക്കേണ്ടതും മുൻകൂറായി മാറ്റി താമസിപ്പിക്കേണ്ടവരെ മാറ്റിപാർപ്പിക്കുകയും ചെയ്യേണ്ടതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വില്ലേജ് ഓഫിസർമാർ എന്നിവർ അടിയന്തരമായി ക്യാമ്പുകൾ തയ്യാറാക്കിയ വിവരം ജനങ്ങളെ വിവിധ മാർഗങ്ങളിലൂടെ ജനങ്ങളെ അറിയിക്കേണ്ടതും മുൻകൂറായി മാറ്റി രാത്രിക്ക് മുന്നോടിയായി തന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾക്ക് കൈമാറേണ്ടതുമാണ്. അർദ്ധ രാത്രി മഴ ശക്തിപ്പെടുന്നതിനായി കാത്തിരിക്കുന്നത് ഒഴിവാക്കേണ്ടതും ജനങ്ങളെ പരിഭ്രാന്തരാക്കാതെ ഏറ്റവും അപകട മേഖകളിൽ ഉള്ളവരെ മുൻകൂറായി മാറ്റുകയുമാണ് വേണ്ടത്.

മേൽ സൂചിപ്പിച്ച ജില്ലകളിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ മഴയോ കാറ്റോ ശക്തിപ്പെടുകയോ ജലനിരപ്പ് ഉയരുകയോ ചെയ്യുന്ന സാഹചര്യം പോലീസ് നിരീക്ഷിക്കേണ്ടതും കണ്‍ട്രോൾ റൂം വഴി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കേണ്ടതുമാണ്.

അഗ്നിശമനരക്ഷാസേന പൂർണ്ണ സജ്ജമായി ഇരിക്കേണ്ടതും സിവിൽ ഡിഫൻസ്, ആപ്‍ദ മിത്ര സേനകളെയും സജ്ജമാക്കി നിർത്തേണ്ടതാണ്. മഴ സാധ്യത മുന്നറിയിപ്പ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാത്ത വിധം പ്രചരിപ്പിക്കാനും സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തേണ്ടതാണ്.

ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് നിർത്തിവെക്കണം: കാസർകോട് കളക്ടർ

ഇന്ന് വൈകീട്ട് മുതൽ നാളെ പകൽ വരെ വടക്കൻ കേരളത്തിൽ കാറ്റും മഴയും ശക്തമാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ദേശീയ പാത നിർമ്മാണം നടക്കുന്ന മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മുന്നറിയിപ്പ് പരിഗണിച്ച് മണ്ണെടുപ്പ് പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കേണ്ടതാണെന്നും ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു

മലയോര റോഡുകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. മണ്ണിടിച്ചിൽ അപകട സാധ്യതയുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. താലൂക്ക് എമർജൻസി ഓപ്പേറഷൻസ് സെന്ററുകൾ പൂർണ്ണസജ്ജമായി പ്രവർത്തിക്കും. അടിയന്തര ഘട്ടങ്ങളിൽ കൺട്രോൾ സെൻ്ററുകളിൽ വിവരം അറിയിക്കണം. അനിവാര്യമായ സാഹചര്യങ്ങളിൽ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും കളക്‌ടർ നിർദേശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group