സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ വിവരങ്ങളും ഒ.പി സമയവും നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം; ഓരോ ഡോക്ടറുടെയും കണ്‍സള്‍ട്ടേഷൻ സമയം ഉള്‍പ്പെടെ വ്യക്തമായി രേഖപ്പെടുത്താൻ ആരോഗ്യവകുപ്പ് നിര്‍ദേശം, ഡോക്ടര്‍മാര്‍ ഒ.പിയില്‍ ഇല്ലെന്ന പരാതിക്ക് പിന്നാലെ നടപടി
തിരുവനന്തപുരം: സർക്കാർ ആശുപത്രികളില്‍ ഡോക്ടർമാരുടെ വിവരവും ഒ.പി സമയവും പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണുംവിധം പ്രദർശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നല്‍കി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആസ്ഥാന ആശുപത്രികള്‍ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിർദേശം ബാധകമാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാർ ആശുപത്രികളിലില്ലെന്നും രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണെന്നും പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
ഓരോ സ്ഥാപനത്തിലും അനുവദിച്ചിട്ടുള്ള ഡോക്ടർമാരുടെ ആകെ തസ്തിക, നിലവില്‍ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ തസ്തികയിലെ ഒഴിവുകളുടെ എണ്ണം എന്നിവ പ്രദർശിപ്പിക്കണം.
ഓരോ ഡോക്ടറുടെയും ഒ.പി/കണ്‍സള്‍ട്ടേഷൻ സമയക്രമവും വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദേശത്തില്‍ പറയുന്നു. ഈ വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പുതുക്കണം.
ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസറെയും (വിജിലൻസ്) ആശുപത്രി സൂപ്രണ്ടിനെയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാൻ ഫോണ്‍ നമ്പറും നിർബന്ധമായും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നല്‍കിയ നിർദേശത്തിലുണ്ട്.
അതേസമയം, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ രോഗികള്‍ക്ക് മരുന്ന് മുടങ്ങില്ലെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മരുന്ന് വിതരണം വേഗത്തിലാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മരുന്നുകള്‍ കുറവുണ്ടെങ്കില്‍ അത് കാരുണ്യവഴി ലോക്കല്‍ പർച്ചേസ് നടത്താനും എല്ലാ സ്ഥാപന മേധാവികള്‍ക്കും നിർദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കാരണം പർച്ചേസ് ഓർഡർ നല്‍കുന്നത് വൈകിയതും പശ്ചിമേഷ്യൻ യുദ്ധവുമാണ് നിലവില്‍ ചില മരുന്നുകളുടെ വിതരണത്തെ ബാധിച്ചിട്ടുള്ളത്. കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് സാധാരണ ഏപ്രിലില്‍ നടപടികള്‍ പൂർത്തിയാക്കി മേയ് മാസത്തോടെ പർച്ചേസ് ഓർഡറുകള്‍ നല്‍കുന്നതാണ് പതിവ്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം ഏപ്രില്‍ പർച്ചേസ് ഓർഡർ നല്‍കിയില്ല. തുടർന്ന് പുതിയ സർക്കാർ അധികാരത്തിന് എത്തിയ ശേഷമാണ് ഈ നടപടികള്‍ പൂർത്തിയാക്കിയത്.
Post a Comment