പുഴയോരത്ത് മഴയില്ലാതെ എത്തിയ മലവെള്ളപ്പാച്ചില്‍; ഉഗ്രശബ്ദത്തില്‍ പ്രദേശം മുഴുവൻ നടുങ്ങി; മലപ്പുറം കോട്ടപ്പുഴയില്‍ ഒന്നുമറിയാതെ ഒഴുക്കില്‍പ്പെട്ടത് ആറുപേര്‍; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേരെ രക്ഷപ്പെടുത്തി; തമിഴ്‌നാട് സ്വദേശിനി സ്‌കൂട്ടറില്‍ ഒലിച്ചുപോയി; ഇടുക്കിയിലും മലപ്പുറത്തും കോട്ടയത്തും ദുരന്തപെയ്ത്ത്; മലയോര മേഖലകളില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍; പെരുമഴയില്‍ കേരളം വിറയ്ക്കുമ്പോള്‍
മലപ്പുറം/കോട്ടയം/ഇടുക്കി: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.
ഒരു സ്ത്രീയുടെ മൃതദേഹമാണ് ഒടുവില്‍ ലഭിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. നേരത്തെ പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ കോട്ടക്കല്‍ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍ ആറുപേരെ കാണാതായിട്ടുണ്ടെന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി എ.പി അനില്‍കുമാർ അറിയിച്ചു.
വൈകിട്ട് അഞ്ച് മണിയോടെ ചോക്കാട് - അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഉളർവട്ടം കടവിലും പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലുമാണ് അപ്രതീക്ഷിതമായി കൂറ്റൻ മലവെള്ളപ്പാച്ചിലുണ്ടായത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ നാട്ടുകാർ ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. അപകടസമയത്ത് പുഴയോരത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനമേഖലയില്‍ പെയ്ത കനത്ത മഴയാണ് പുഴയില്‍ പെട്ടെന്ന് വെള്ളവും ഒഴുക്കും വർധിക്കാൻ കാരണമായത്. സോഷ്യല്‍ മീഡിയ ദൃശ്യങ്ങള്‍ കണ്ട് നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ഈ പ്രദേശം പാറക്കെട്ടുകള്‍ നിറഞ്ഞതും അപകടസാധ്യതയേറിയതുമാണ്.
അതേസമയം, കോട്ടയം തീക്കോയിയിലുണ്ടായ കടുപ്പമേറിയ മണ്ണടിച്ചിലില്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ ജവഹർ നഗർ സ്വദേശിനിയായ സംഗീത (35) ആണ് മരണപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നും വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ രണ്ട് യുവതികളാണ് അപകടത്തില്‍പ്പെട്ടത്.
ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ വേലത്തുശേരി പള്ളിക്ക് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും സ്കൂട്ടറില്‍ വാഗമണ്ണിലേക്ക് പോകുന്നതിനിടെ മലവെള്ളപ്പാച്ചിലിലും മണ്ണടിച്ചിലിലും പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ യുവതിയെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിലും മലപ്പുറത്തും കൊടുംഭീതി. ഇടുക്കി വട്ടവട കൊട്ടക്കാമ്പൂരിലുണ്ടായ ഭയാനകമായ മണ്ണിടിച്ചിലില്‍ സഹോദരങ്ങള്‍ ദാരുണമായി കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം മലപ്പുറം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരണപ്പെട്ടു.
കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന അതിതീവ്ര മഴയെ തുടർന്നാണ് ഇടുക്കിയിലെ വട്ടവട കൊട്ടക്കാമ്പൂരില്‍ ദുരന്തമുണ്ടായത്. മേലെവയല്‍ കൊട്ടക്കാമ്പൂർ അമ്മൻ കോവിലിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന തട്ടുതട്ടായുള്ള കൃഷിയിടത്തിലെ ഷെഡില്‍ ഇവർ വിശ്രമിക്കുമ്പോഴായിരുന്നു മുകളിലെ കുന്നിൻചരിവ് ഇടിഞ്ഞുവീണത്. ഭയാനകമായ രീതിയില്‍ മണ്ണും കല്ലും ഷെഡിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇതിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്നുപേരെയും രക്ഷപ്പെടുത്താൻ പെട്ടെന്ന് സാധിച്ചില്ല.
ഒറ്റപ്പെട്ട മലയോര ഗ്രാമമായതിനാല്‍ രക്ഷാപ്രവർത്തകർക്കും ഫയർഫോഴ്‌സിനും പ്രദേശത്തേക്ക് സമയത്തിന് എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് പ്രദേശവാസികള്‍ തന്നെ മുന്നിട്ടിറങ്ങി മണ്ണുമാറ്റി മൃതദേഹങ്ങളും പരിക്കേറ്റ മാരിയമ്മനെയും ചുമന്നാണ് പുറത്തെത്തിച്ചത്. ഇതോടെ അപകടത്തിന്റെ വ്യാപ്തി നാട്ടുകാരെ വലിയ രീതിയില്‍ നടുക്കി.
ഇതിനിടെ മഴ ശക്തി പ്രാപിച്ചതോടെ കൊട്ടക്കാമ്പൂർ - തട്ടാമ്പാറ റോഡിലെ പാലം പൂർണ്ണമായും ഒലിച്ചുപോയി. പാലം തകർന്നതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങള്‍ ബാഹ്യലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതിനുപുറമേ, ഈ മേഖല സന്ദർശിക്കാനെത്തിയ നൂറോളം വിനോദസഞ്ചാരികളും വഴിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Post a Comment