Join News @ Iritty Whats App Group

ശബരിമലയെച്ചൊല്ലിയുള്ള ഭിന്നത: ദേവസ്വം മന്ത്രി - ദേവസ്വം പ്രസിഡൻ്റ് കൂടിക്കാഴ്ച ഉടൻ; നീക്കം ഇരുവരും മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ

ശബരിമലയെച്ചൊല്ലിയുള്ള ഭിന്നത: ദേവസ്വം മന്ത്രി - ദേവസ്വം പ്രസിഡൻ്റ് കൂടിക്കാഴ്ച ഉടൻ; നീക്കം ഇരുവരും മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ


തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രതിസന്ധിയെച്ചൊല്ലിയുള്ള ഭിന്നതകൾക്കിടെ ദേവസ്വം മന്ത്രി കെ മുരളീധരനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറും തമ്മിൽ വൈകാതെ കൂടിക്കാഴ്ച നടത്തും. ഇരുവരും മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നത്. അരവണ പ്രതിസന്ധി പരിഹരിക്കാൻ എടുത്ത നടപടികളെക്കുറിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് മന്ത്രിയോട് വിശദീകരിക്കും. മണ്ഡല മകരവിളക്ക് മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ ഇന്ന് ജയകുമാർ മാധ്യമങ്ങളെയും കാണുന്നുണ്ട്.

ദേവസ്വം മന്ത്രി കെ മുരളീധരനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറും തമ്മിൽ പല വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. തിരുവോണ സദ്യവുമായി ബന്ധപ്പെട്ടു തുടങ്ങിയ തർക്കം അരവണ പ്രതിസന്ധിയിലേക്ക് എത്തിയപ്പോൾ വലിയ ഭിന്നതയായി മാറി. തർക്കം രൂക്ഷമാകുന്നതിനിടെ ആണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇടപെട്ട് സമവായത്തിന് ശ്രമം നടത്തിയത്. ആദ്യം കെ മുരളീധരനുമായും പിന്നാലെ കെ ജയകുമാറുമായും മുഖ്യമന്ത്രി ചർച്ച നടത്തി.

വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കെ ജയകുമാർ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച നടന്നത്. സർക്കാരും ദേവസ്വം ബോർഡും തമ്മിൽ യാതൊരുവിധ വിയോജിപ്പുകളില്ലെന്ന് ജയകുമാർ പ്രതികരിച്ചിരുന്നു. മണ്ഡലകാല തീർത്ഥാടനം പൂർണമായും വിജയിപ്പിക്കാൻ സർക്കാർ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജയകുമാർ അറിയിച്ചു. അരവണ വിതരണത്തിലുണ്ടായ ചെറിയ പ്രതിസന്ധി പരിഹരിക്കുമെന്ന് അറിയിച്ച അദ്ദേഹം, വരും തീർത്ഥാടന കാലം സർക്കാരിനും ബോർഡിനും അഭിമാനകരമായ രീതിയിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയതായി വ്യക്തമാക്കി.

അതേസമയം താൻ രാജിവെക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. തന്നെ രാജിവെപ്പിച്ചിട്ട് നിങ്ങൾക്ക് എന്താണ് കാര്യം എന്ന് ചോദിച്ച അദ്ദേഹം, വരും തീർത്ഥാടന കാലയളവിൽ താൻ തന്നെയായിരിക്കും ദേവസ്വം ബോർഡ് പ്രസിഡന്റായി തുടരുകയെന്നും വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group