ഹൈക്കോടതി വളപ്പിൽ ഇനി ഫോട്ടോയും വീഡിയോയും ലൈവ് സ്ട്രീമിങ്ങും പാടില്ല; നിയന്ത്രണം എല്ലാവർക്കും ബാധകം
കേരള ഹൈക്കോടതി വളപ്പിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ റെക്കോർഡിംഗിനും ലൈവ് സ്ട്രീമിംഗിനും നിയന്ത്രണം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു. ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അഭിഭാഷകർ, കക്ഷികൾ, ഇന്റേണുകൾ, അഭിഭാഷകരുടെ ക്ലർക്കുമാർ, രജിസ്ട്രി ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കരാറുകാർ, സന്ദർശകർ തുടങ്ങി ഹൈക്കോടതി വളപ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും നിയന്ത്രണം ബാധകമാണ്.
കോടതി ഹാളുകൾ, ജഡ്ജിമാരുടെ ചേംബറുകൾ, രജിസ്ട്രി ഓഫീസുകൾ, സെക്ഷനുകൾ, റെക്കോർഡ് റൂമുകൾ, സെക്യൂരിറ്റി കൺട്രോൾ റൂമുകൾ, സെർവർ റൂമുകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കാൻ പാടില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ചിത്രങ്ങളും വീഡിയോകളും രജിസ്ട്രി അധികാരപ്പെടുത്തുന്ന വ്യക്തികൾക്കോ ഏജൻസികൾക്കോ മാത്രമേ എടുക്കാനാകൂ. രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ ഇവ പുറത്തുവിടാനും പാടില്ല.
ഹൈക്കോടതി വളപ്പിൽ നിന്നെടുത്ത ഫോട്ടോകൾ, വീഡിയോകൾ, ലൈവ് സ്ട്രീമുകൾ എന്നിവ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലോ ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങളിലോ അപ്‌ലോഡ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനും വിലക്കുണ്ട്. ഔദ്യോഗിക ചടങ്ങുകൾ ഉൾപ്പെടെയുള്ള പരിപാടികൾ മാധ്യമങ്ങൾക്ക് കവർ ചെയ്യണമെങ്കിലും രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.
കോടതിനടപടികളുടെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനും ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം. ഓഡിറ്റോറിയം, ബാങ്ക്വറ്റ് ഹാൾ, ആട്രിയം തുടങ്ങിയ ഇടങ്ങളിൽ നടക്കുന്ന പരിപാടികൾക്കും അനുമതിയോടെ മാത്രമേ ഫോട്ടോയും വീഡിയോയും എടുക്കാനാകൂ. അനധികൃതമായി ഫോട്ടോയും വീഡിയോയും എടുക്കുന്നത് തടയാൻ രജിസ്ട്രി ഉദ്യോഗസ്ഥർക്കും സുരക്ഷാ വിഭാഗത്തിനും അധികാരം നൽകിയിട്ടുണ്ട്
إرسال تعليق