Join News @ Iritty Whats App Group

'ബ്രോഷറിലെ വാഗ്ദാനം വെറും പരസ്യമല്ല, പാലിക്കണം': റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്

'ബ്രോഷറിലെ വാഗ്ദാനം വെറും പരസ്യമല്ല, പാലിക്കണം': റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്


ബ്രോഷറുകളിലും പ്ലാനുകളിലും നല്‍കുന്ന വാഗ്ദാനങ്ങള്‍ വെറും 'മാര്‍ക്കറ്റിംഗ് തന്ത്രം' മാത്രമാണെന്ന് പറഞ്ഞ് റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കള്‍ക്ക് പിന്നീട് കൈകഴുകാനാകില്ലെന്ന് സുപ്രീം കോടതി. ഉപഭോക്താക്കള്‍ക്ക് എന്താണോ പ്ലാനുകളിലൂടെയും ബ്രോഷറുകളിലൂടെയും വാഗ്ദാനം ചെയ്യുന്നത്, അത് അതുപോലെ നിര്‍മ്മിച്ച് നല്‍കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഗുരുഗ്രാമിലെ സെക്ടര്‍ 82 എയിലുള്ള ഡിഎല്‍എഫ് ഹോം ഡെവലപ്പേഴ്‌സിന്റെ 'ദി പ്രൈമസ്' ഹൗസിങ് പ്രോജക്റ്റുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക നിരീക്ഷണം. പദ്ധതി പ്രദേശത്തെ 24 മീറ്റര്‍ വീതിയുള്ള റോഡ് വാഗ്ദാനം ചെയ്തതുപോലെ നിര്‍മ്മിച്ച് പരിപാലിച്ചിട്ടില്ലെന്നതടക്കമുള്ള പരാതിയിലാണ് നടപടി

കൂടാതെ ഫ്‌ലാറ്റുകള്‍ കൈമാറിയപ്പോള്‍ വാഗ്ദാനം ചെയ്ത പല സൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഫ്‌ലാറ്റ് ഉടമകള്‍ ആരോപിക്കുന്നു. കൃഷിഭൂമിയാല്‍ ചുറ്റപ്പെട്ട അവസ്ഥയിലാണെന്നും ആവശ്യമായ റോഡ്, വെളിച്ചം, വെള്ളം എന്നിവയില്ലെന്നും, ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പാര്‍ഷ്യല്‍ ഒക്യുപേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ഉടമകള്‍ ചോദിക്കുന്നു.എന്നാല്‍ ആവശ്യമായ കുടിവെള്ളവും വൈദ്യുതിയും ഉള്‍പ്പെടെയുള്ള എല്ലാ നിയമപരമായ മാനദണ്ഡങ്ങളും പാലിച്ചാണ് ഫ്‌ലാറ്റ് കൈമാറിയതെന്നാണ് ഡിഎല്‍എഫിന്റെ വാദം.

കോടതി കര്‍ശന നിലപാടിലേക്ക്

നിയമപരമായ ആവശ്യകതകളും നിലവിലെ യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംഘടിത റിയല്‍ എസ്റ്റേറ്റ് മേഖലയിലുടനീളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സാധാരണക്കാരായ ഫ്‌ലാറ്റ് ഉടമകളുടെ ഗതി എന്താകുമെന്ന ആശങ്കയും കോടതി പങ്കുവെച്ചു. ഇതിനെത്തുടര്‍ന്നാണ് കാര്യങ്ങള്‍ നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചത്.. കേസ് വീണ്ടും ഒക്ടോബര്‍ 12-ന് പരിഗണിക്കും. അന്ന് സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്വേഷണം പൂണ്ണമായും സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group