‘പുതിയ സർക്കാർ മുൻ സർക്കാർ കൊണ്ടുവന്ന ക്ഷേമപദ്ധതികളെല്ലാം നിർത്തി’; സംസ്ഥാനത്ത് നടക്കുന്നത് മുതലാളിത്ത ഭരണം : കെ. കെ. ശൈലജ
‘ലൈഫ്’ ഉൾപ്പെടെ നാല് പ്രധാന മിഷനുകൾ നടപ്പാക്കി വലിയ വികസന മാറ്റങ്ങൾ കൊണ്ടുവന്നിട്ടും ജനങ്ങൾ എൽഡിഎഫിനെ എന്തിനാണ് തോൽപ്പിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. മുൻ സർക്കാർ കൊണ്ടുവന്ന ക്ഷേമപദ്ധതികളെല്ലാം അധികാരത്തിൽ വന്ന പുതിയ സർക്കാർ ഒന്നൊന്നായി നിർത്തിവെക്കുകയാണെന്നും സംസ്ഥാനത്ത് ഇപ്പോൾ മുതലാളിത്ത ഭരണമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.
പാലക്കാട് ഒറ്റപ്പാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ മഹിളാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ യാത്രാമാർഗങ്ങളെ ആശ്രയിച്ച ശേഷം സർക്കാർ ഖജനാവിന് ലാഭമല്ലേ എന്ന് വാദിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഭരണച്ചെലവ് എന്നത് മന്ത്രിമാർക്ക് ഭരിക്കാനുള്ള ചെലവാണെന്നും അതിന് മുതലാളിമാരുടെ സേവനങ്ങളെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും അവർ വ്യക്തമാക്കി.
മുൻ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ പുതിയ സർക്കാർ നിർത്തിക്കഴിഞ്ഞു. ഇനി പദ്ധതി പുനരാരംഭിച്ചാൽ തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ശുചിത്വ മേഖലയിൽ മികച്ച സേവനം നൽകുന്ന ഹരിതകർമസേനയെ പോലും ഇനി വേണ്ട എന്ന നിലപാടിലേക്ക് സർക്കാർ എത്തുമോയെന്ന് സംശയമുണ്ടെന്നും ശൈലജ കൂട്ടിച്ചേർത്തു.
Post a Comment