Join News @ Iritty Whats App Group

യാത്രക്കാരി പാസ്‌പോര്‍ട്ടുമായി സൗദിയിലെത്തി; കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസിയുടെ യാത്ര മുടങ്ങി

യാത്രക്കാരി പാസ്‌പോര്‍ട്ടുമായി സൗദിയിലെത്തി; കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസിയുടെ യാത്ര മുടങ്ങി


പാസ്‌പോർട്ട് അബദ്ധത്തില്‍ മറ്റൊരു യാത്രക്കാരിയുടെ കൈവശം മാറിപ്പോയതിനെത്തുടർന്ന് കണ്ണൂർ വിമാനത്താവളത്തില്‍ പ്രവാസിയുടെ യാത്ര മുടങ്ങി.

കൂത്തുപറമ്പ് ആമ്പിലാട് സുകൃതം വീട്ടില്‍ പറമ്പൻ പ്രവീണിനാണ് ഈ ദുരനുഭവമുണ്ടായത്. വിമാനത്താവള അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് യാത്ര മുടങ്ങാൻ കാരണമെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

ബഹ്റൈനിലേക്ക് പോകാനായി ചൊവ്വാഴ്ച രാവിലെയാണ് പ്രവീണ്‍ കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയത്. ബോർഡിങ് പാസ് എടുത്തശേഷം ലഗേജ് സ്കാനിങ്ങിന് നല്‍കിയ വേളയില്‍ അദ്ദേഹം പാസ്‌പോർട്ടും ഒപ്പം വെച്ചിരുന്നു. എന്നാല്‍ പരിശോധനയ്ക്ക് ശേഷം ബാഗ് എടുത്തപ്പോള്‍ പാസ്‌പോർട്ട് കാണാനില്ലാത്തതിനെ തുടർന്ന് അദ്ദേഹം ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ സി.സി.ടി.വി പരിശോധനയിലാണ് സൗദിയിലേക്ക് യാത്ര തി란രിച്ച മറ്റൊരു സ്ത്രീ, തന്റെ പാസ്‌പോർട്ടിനൊപ്പം പ്രവീണിന്റെ പാസ്‌പോർട്ട് കൂടി അബദ്ധത്തില്‍ എടുത്തതായി വ്യക്തമായത്.

വിമാനത്തില്‍ വെച്ച്‌ ഈ യാത്രക്കാരി വിഷയം ശ്രദ്ധയില്‍പ്പെടുകയും എയർ ഹോസ്റ്റസിനെ പാസ്‌പോർട്ട് ഏല്‍പ്പിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ജീവനക്കാർ അത് സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് സൗദിയില്‍ എത്തിയ ശേഷമാണ് ഈ യാത്രക്കാരി ഇന്ത്യൻ എംബസി വഴി പാസ്‌പോർട്ട് കൈമാറിയത്. ചൊവ്വാഴ്ച രാത്രിയോടെ പ്രവീണിന് രേഖകള്‍ തിരികെ ലഭിച്ചു.

താൻ പരാതിപ്പെട്ട ഉടൻ തന്നെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായിരുന്നെങ്കില്‍ പാസ്‌പോർട്ട് കണ്ടെത്താനും തന്റെ യാത്ര സാധ്യമാക്കാനും കഴിയുമായിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം എയർപോർട്ട് പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതിയും നല്‍കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group