Join News @ Iritty Whats App Group

പടിയൂര്‍ ഇക്കോ ടൂറിസം കേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമായി

പടിയൂര്‍ ഇക്കോ ടൂറിസം കേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമായി


കോടികള്‍ മുടക്കി നിര്‍മിച്ച പടിയൂര്‍ ഇക്കോ ടൂറിസം കേന്ദ്രം ഉദ്‌ഘാടനം കഴിഞ്ഞ്‌ ആറ്‌ മാസം പിന്നിട്ടിട്ടും പ്രവര്‍ത്തനസജ്‌ജമാകാതെ നശിക്കുന്നു.

ആവശ്യമായ പരിപാലനവും അടിസ്‌ഥാന സൗകര്യങ്ങളും ഒരുക്കാത്തതിനെ തുടര്‍ന്ന്‌ കേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദത്തിനും വിശ്രമത്തിനും അനുയോജ്യമായ ടൂറിസം കേന്ദ്രം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി വിഭാവനം ചെയ്‌തത്‌. മുന്‍ മട്ടന്നൂര്‍ എം.എല്‍.എ കെ.കെ. ശൈലജയുടെ മുന്‍കൈയിലാണ്‌ പദ്ധതിക്ക്‌ തുടക്കമായത്‌. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചരക്കോടി രൂപയാണ്‌ അനുവദിച്ചത്‌. ഒരു കിലോമീറ്റര്‍ നീളമുള്ള റോഡ്‌, പ്രവേശന കവാടം, റസ്‌റ്റോറന്റ്‌ ബ്ലോക്ക്‌, ടോയ്‌ലറ്റ്‌ ബ്ലോക്ക്‌, സൗന്ദര്യവല്‍ക്കരണം, വൈദ്യുതീകരണം തുടങ്ങിയവയാണ്‌ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌.

2022 ഒകേ്‌ടാബറില്‍ അന്നത്തെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിട്ടു. ഈ വര്‍ഷം മാര്‍ച്ച്‌ രണ്ടിനാണ്‌ ഒന്നാംഘട്ടം ഉദ്‌ഘാടനം ചെയ്‌തത്‌. ഇതോടൊപ്പം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. രണ്ടാംഘട്ടത്തിനായി ഏകദേശം രണ്ടരക്കോടി രൂപയാണ്‌ അനുവദിച്ചത്‌. ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കല്‍, കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍ സ്‌ഥാപിക്കല്‍, കുടിവെള്ള വിതരണ സംവിധാനം ഒരുക്കല്‍ തുടങ്ങിയവയാണ്‌ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ ഉദ്‌ഘാടനം കഴിഞ്ഞ്‌ ആറ്‌ മാസം പിന്നിട്ടിട്ടും അടിസ്‌ഥാന സൗകര്യങ്ങള്‍ പലതും ഒരുക്കിയിട്ടില്ല. ടോയ്‌ലറ്റ്‌ ബ്ലോക്ക്‌ പരിപാലനമില്ലാതെ ഉപയോഗശൂന്യമായ നിലയിലാണ്‌. വെള്ളം ലഭ്യമല്ലാത്തതിനാല്‍ സന്ദര്‍ശകര്‍ക്ക്‌ ടോയ്‌ലറ്റ്‌ ഉപയോഗിക്കാനും കഴിയുന്നില്ല.

റസ്‌റ്റോറന്റിനായി നിര്‍മിച്ച കെട്ടിടവും തുറന്നുകിടക്കുകയാണ്‌.കെട്ടിടത്തില്‍ ലൈറ്റുകളും ഫാനുകളും സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. കുടിവെള്ളത്തിനായി ടാങ്ക്‌ സ്‌ഥാപിക്കുന്നതിനുള്ള സ്‌റ്റാന്‍ഡ്‌ നിര്‍മിച്ചിട്ടുണ്ടെങ്കിലും ടാങ്ക്‌ സ്‌ഥാപിച്ചിട്ടില്ല. ജലവിതരണ സംവിധാനവും ഒരുക്കിയിട്ടില്ല.

പരിപാലനമില്ലാതെ കെട്ടിടങ്ങളും പരിസരവും കാടുകയറുന്നതോടെ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതായാണ്‌ പ്രദേശവാസികളുടെ പരാതി. ലക്ഷക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ ഒരുക്കിയ അടിസ്‌ഥാന സൗകര്യങ്ങള്‍ പോലും ഉപയോഗപ്പെടുത്താനാകാത്ത സ്‌ഥിതിയാണ്‌ നിലവിലുള്ളത്‌. കഴിഞ്ഞദിവസം നടന്ന താലൂക്ക്‌ സഭയില്‍ പടിയൂര്‍ ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ദുരവസ്‌ഥ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കാര്യമായ മറുപടി ലഭിച്ചില്ലെന്നാണ്‌ വിവരം.

പദ്ധതി ടൂറിസം വകുപ്പിന്റെ കീഴിലായതിനാല്‍ പഞ്ചായത്തിന്‌ നേരിട്ട്‌ ഇടപെട്ട്‌ പദ്ധതി നടത്തിപ്പ്‌ ഏറ്റെടുക്കാന്‍ കഴിയാത്ത സ്‌ഥിതിയുമുണ്ട്‌. പദ്ധതി പഞ്ചായത്തിന്‌ വിട്ടുനല്‍കുകയാണെങ്കില്‍ ഏറ്റെടുത്ത്‌ നടത്താന്‍ പഞ്ചായത്ത്‌ തയ്ാറായണെന്നും അധികൃതരെ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ പദ്ധതി പഞ്ചായത്തിന്‌ കൈമാറുന്നതിലോ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കുന്നതിലോ ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ്‌ പരാതി.

Post a Comment

Previous Post Next Post
Join Our Whats App Group