Join News @ Iritty Whats App Group

വാഹനത്തില്‍ നിന്നും പിടിച്ചെടുത്തത് 43 കിലോ മയക്കു മരുന്ന്; മലയാളിയെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി; തലശ്ശേരി സ്വദേശി അബൂട്ടിയെ ചതിച്ചത് കണ്ണൂര്‍ സ്വദേശിയായ സുഹൃത്തെന്ന് ആരോപണവുമായി കുടുംബാംഗങ്ങള്‍; ചതിച്ചയാള്‍ തന്റെ വാഹനം അനധികൃതമായി അബൂട്ടിയുടെ പേരിലേക്ക് മാറ്റി; പിന്നില്‍ വലിയ റാക്കറ്റെന്ന് ആരോപണം

വാഹനത്തില്‍ നിന്നും പിടിച്ചെടുത്തത് 43 കിലോ മയക്കു മരുന്ന്; മലയാളിയെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി; തലശ്ശേരി സ്വദേശി അബൂട്ടിയെ ചതിച്ചത് കണ്ണൂര്‍ സ്വദേശിയായ സുഹൃത്തെന്ന് ആരോപണവുമായി കുടുംബാംഗങ്ങള്‍; ചതിച്ചയാള്‍ തന്റെ വാഹനം അനധികൃതമായി അബൂട്ടിയുടെ പേരിലേക്ക് മാറ്റി; പിന്നില്‍ വലിയ റാക്കറ്റെന്ന് ആരോപണം


കണ്ണൂര്‍: സൗദി അറേബ്യയിലെ ദമ്മാമില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ തലശ്ശേരി സ്വദേശി വധശിക്ഷയ്ക്ക് വിധേയനായ സംഭവം സുഹൃത്തിന്റെ കൊടുംചതി മൂലമാണെന്ന ഗുരുതര ആരോപണവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി. തലശ്ശേരി പെരിങ്ങാടി സ്വദേശി അബൂട്ടി ഓടിച്ചിരുന്ന വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ച് സുഹൃത്ത് ചതിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരി ആരോപിക്കുന്നു. അബൂട്ടി സൗദി പോലീസിന്റെ പിടിയിലായ ശേഷം ഈ സുഹൃത്തിനെ നേരിട്ട് കണ്ട് സംസാരിച്ചെങ്കിലും തികച്ചും ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഇയാള്‍ സ്വീകരിച്ചത്. പ്രവാസ ലോകത്ത് സജീവമായ ഈ മാഫിയാ സംഘത്തിന്റെ വലയില്‍ കുടുങ്ങി വേറെയും മലയാളികള്‍ ജയിലിലായിട്ടുണ്ടെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു

ഒമാനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വാഹനം സ്വന്തം സ്വാധീനം ഉപയോഗിച്ച് അബൂട്ടിയുടെ പേരിലേക്ക് മാറ്റി സ്ഥാപിച്ചാണ് ഈ കടുംകൈ ചെയ്തതെന്നും കുടുംബം വ്യക്തമാക്കുന്നു. സൗദിയില്‍ വെച്ച് വധശിക്ഷയ്ക്ക് വിധേയനാകുന്നതിന് മുന്‍പ് സഹോദരനെ അവസാനമായി ഒരുനോക്ക് കാണാനായി ബന്ധുക്കള്‍ സൗദി അറേബ്യയില്‍ എത്തിയിരുന്നെങ്കിലും അധികൃതരില്‍ നിന്നും അതിനുള്ള അനുമതി ലഭിച്ചില്ല. വധശിക്ഷ നടപ്പാക്കിയെന്ന വിവരമറിഞ്ഞ് കടുത്ത ആഘാതത്തിലാണ് ഈ കുടുംബം. വൃദ്ധയായ മാതാവും ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും അടങ്ങുന്നതാണ് അബൂട്ടിയുടെ കുടുംബം. മൂന്ന് സഹോദരിമാരുടെ ഏക ആണ്‍തരി കൂടിയായിരുന്നു ഇദ്ദേഹം.

2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂര്‍ പെരിങ്ങാടി സ്വദേശിയായ അബൂട്ടി ഒമാനില്‍ നിന്നും കരമാര്‍ഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സൗദി അതിര്‍ത്തിയിലെ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്. അദ്ദേഹം ഓടിച്ചിരുന്ന വാനില്‍ നിന്നും മാരക ലഹരിവസ്തുക്കളുടെ വന്‍ ശേഖരമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ നടപ്പിലാക്കിയ വിവരം കഴിഞ്ഞ ഞായറാഴ്ചയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടത്.

അബൂട്ടി സഞ്ചരിച്ചിരുന്ന ജി.എം.സി വാനില്‍ നിന്നും 43 കിലോയോളം വരുന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. കേസില്‍ വിചാരണ കോടതി പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അബൂട്ടിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഈ ശിക്ഷാവിധി പിന്നീട് അപ്പീല്‍ കോടതിയും സൗദി സുപ്രീം കോടതിയും ശരിവെച്ചു. തുടര്‍ന്ന് രാജവിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.

അതേസമയം, ഈ വാഹനം സൗദി അറേബ്യയില്‍ എത്തിക്കാന്‍ മസ്‌കത്തിലുണ്ടായിരുന്ന സുഹൃത്ത് നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വാഹനം പരിശോധിച്ച സൗദി അധികൃതര്‍ അതിന്റെ രണ്ട് ഇന്ധന ടാങ്കുകളിലൊന്നില്‍ അതീവ രഹസ്യമായി മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. യാത്രയ്ക്ക് മുന്‍പ് ഇന്ധന ടാങ്കിന് ചെറിയ ചോര്‍ച്ചയുണ്ടെന്നും അതില്‍ എണ്ണ അടിക്കരുതെന്നും വാഹനം ഏല്‍പ്പിച്ചയാള്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. വര്‍ഷങ്ങളായുള്ള സൗഹൃദം വിശ്വസിച്ച അബൂട്ടി വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. സുഹൃത്തിനെ കണ്ണുമടച്ച് വിശ്വസിച്ചതാണ് ഇത്തരമൊരു വന്‍ ചതിയില്‍പ്പെടാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു.

കണ്ണൂര്‍ സ്വദേശിയായ ഈ സുഹൃത്ത് തന്റെ പേരിലുണ്ടായിരുന്ന വാഹനം അനധികൃതമായി അബൂട്ടിയുടെ പേരിലേക്ക് മാറ്റിയാണ് സൗദിയിലേക്കുള്ള യാത്രയൊരുക്കിയത്. കുടുംബത്തിലെ ഏക ആണ്‍തരിയെ ചതിയില്‍പ്പെടുത്തി മരണത്തിലേക്ക് തള്ളിയിട്ട സുഹൃത്തിനെയും അവന്റെ കൂട്ടാളികളെയും എന്തുവിലകൊടുത്തും നിയമത്തിന് മുന്നില്‍ എത്തിക്കുമെന്ന് അബൂട്ടിയുടെ സഹോദരി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വ്യക്തമാക്കി

അബൂട്ടി മസ്‌കത്തില്‍ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നതിനിടെയാണ് ചതിച്ച കണ്ണൂര്‍ സ്വദേശിയെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ പുറത്താണ് ഇയാളോട് നല്ലൊരു വിസ സംഘടിപ്പിച്ചു നല്‍കാന്‍ അബൂട്ടി അഭ്യര്‍ത്ഥിക്കുന്നത്. ഈ അവസരം മുതലാക്കിയാണ് മലയാളി സുഹൃത്ത് തന്റെ പേരിലുണ്ടായിരുന്ന ജി.എം.സി വാഹനം അബൂട്ടിയുടെ പേരിലേക്ക് മാറ്റുകയും സൗദിയിലേക്ക് എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. അബൂട്ടി സൗദി അതിര്‍ത്തിയില്‍ വെച്ച് പിടിയിലായ വിവരം അറിഞ്ഞയുടന്‍ വാഹനം കൈമാറിയ സുഹൃത്ത് നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഒമാനിലേക്ക് തിരിച്ചുപോയിട്ടില്ലെന്നും സഹോദരി ആരോപിക്കുന്നു.

പ്രവാസികളെ കേന്ദ്രീകരിച്ച് ഇത്തരം വലിയൊരു മയക്കുമരുന്ന് റാക്കറ്റ് തന്നെ വിദേശത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇത്തരക്കാരുടെ ചതിയില്‍പ്പെട്ട് മറ്റു പല നിരപരാധികളും ദമ്മാമിലെ അടക്കമുള്ള ജയിലുകളില്‍ കഴിയുന്നുണ്ട്. പ്രവാസികളുടെ നിഷ്‌കളങ്കത മുതലെടുക്കുന്ന മലയാളി സംഘങ്ങള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അബൂട്ടിയുടെ ബന്ധുക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്.

അബൂട്ടിയുടെ കേസില്‍ നിയമനടപടികളെല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചതെന്നും അതുകൊണ്ടുതന്നെ കുടുംബത്തിന് മറ്റ് പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചില്ലെന്നും ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകനായ മണിക്കുട്ടന്‍ പറഞ്ഞു. അബൂട്ടി അറസ്റ്റിലായതിന് പിന്നാലെ ചില ഏജന്റുമാര്‍ കുടുംബത്തെ സമീപിക്കുകയും കേസിലെ വിവരങ്ങള്‍ പുറത്തുപറയരുതെന്നും പൊതുമാപ്പില്‍ ഉള്‍പ്പെടുത്തി പുറത്തിറക്കാമെന്നും പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ഏജന്റുമാരുടെ ഈ വാഗ്ദാനം വിശ്വസിച്ചതിനാലാണ് കുടുംബം തുടക്കത്തില്‍ കാര്യങ്ങള്‍ പുറത്തുപറയാതിരുന്നത്.

സൗദി അറേബ്യയിലെ നിയമപ്രകാരം കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ പ്രതിക്ക് രക്ഷപ്പെടാന്‍ സാധിക്കും. എന്നാല്‍, രാജ്യത്തിന്റെ സുരക്ഷയെയും യുവതലമുറയെയും ബാധിക്കുന്ന വന്‍കിട മയക്കുമരുന്ന് കേസുകളില്‍ ഇത്തരം മാപ്പുനല്‍കല്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ കേസില്‍ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ചതോടെ മറ്റ് വഴിയില്ലാതായി. മറ്റുള്ളവരുടെ വാഹനങ്ങളും ലഗേജുകളും ഏറ്റുവാങ്ങി യാത്ര ചെയ്യുന്ന പ്രവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ പേരിലുള്ള ലഗേജില്‍ നിന്നോ വാഹനത്തില്‍ നിന്നോ നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്താല്‍ അത് മറ്റൊരാളുടേതാണെന്ന് പറഞ്ഞ് സൗദി നിയമത്തിന് മുന്നില്‍ രക്ഷപ്പെടാന്‍ സാധിക്കില്ല.

സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുടെ യാത്രാ മാര്‍ഗനിര്‍ദേശത്തിലും ഇത് വ്യക്തമായി പറയുന്നുണ്ട്. സ്വന്തമല്ലാത്ത സാധനങ്ങളോ അപരിചിതര്‍ നല്‍കുന്ന പാക്കറ്റുകളോ കൊണ്ടുപോകരുതെന്നും, യാത്രക്കാരുടെ കൈവശമുള്ള വസ്തുക്കളില്‍ നിരോധിത സാധനങ്ങള്‍ കണ്ടെത്തിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആ യാത്രക്കാരന് മാത്രമായിരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

സൗഹൃദത്തിന്റെ പേരില്‍ അപരിചിതമായ വാഹനങ്ങളും സാധനങ്ങളും അതിര്‍ത്തി കടത്താന്‍ സഹായിക്കുന്ന പ്രവാസികള്‍ക്ക് കണ്ണുതുറപ്പിക്കുന്ന മുന്നറിയിപ്പാണ് അബൂട്ടിയുടെ ഈ ദുരന്തപൂര്‍ണമായ അനുഭവം. പ്രവാസി മലയാളി സമൂഹത്തിനിടയില്‍ വലിയ ഞെട്ടലാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്

Post a Comment

أحدث أقدم
Join Our Whats App Group