Join News @ Iritty Whats App Group

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്, അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍; 27ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്, അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍; 27ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും


അടുത്ത ആഴ്ചത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ നേരിടാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. അടുത്ത ഞായറാഴ്ച (27.09.2026) രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 28-ാം തീയതിമുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. ഫോര്‍ത്ത് സാറ്റര്‍ഡേ, ഞായറാഴ്ച പിന്നെ മൂന്ന് ദിവസത്തെ പണിമുടക്ക് എന്നിങ്ങനെ 5 ബാങ്ക് അവധികള്‍ അടുപ്പിച്ചുവരുന്നത് തടയിടാനാണ് സര്‍ക്കാര്‍ നീക്കം. ഞായറാഴ്ച ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും വരുന്ന ഞായറാഴ്ച (സെപ്റ്റംബര്‍ 27) സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

അടുപ്പിച്ച് വരുന്ന 3 ദിവസത്തെ പണിമുടക്കും അതിന് മുമ്പുള്ള ബാങ്ക് അവധിയും ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസം വലുതാണ്. തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാതിരിക്കാനുള്ള നീക്കം. പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് സര്‍ക്കാരും ബാങ്ക് മാനേജ്‌മെന്റുകളും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധന മന്ത്രാലയം അറിയിച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍. ബാങ്കുകളുടെ പ്രവൃത്തിദിനം 5 ദിവസമാക്കുന്ന കാര്യം പരിഗണനയിലാണെന്ന പതിവുമറുപടി മാത്രമാണ് ലഭിച്ചതെന്നും ഇതില്‍ തീരുമാനമായാലേ പണിമുടക്കിന്റെ കാര്യം പുനഃപരിശോധിക്കൂ എന്ന നിലപാടിലാണ് യൂണിയനുകള്‍.

സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിനു തൊട്ടുമുന്‍പുള്ള രണ്ടുദിവസങ്ങള്‍ നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാല്‍ ഫലത്തില്‍, അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് (യു.എഫ്.ബി.യു.) പണിമുടക്കിന് ആഹ്വാനംചെയ്തത്. സെപ്റ്റംബര്‍ 28 തിങ്കള്‍ മുതല്‍ 30 ബുധന്‍ വരെയാണ് പണിമുടക്ക്. സെപ്റ്റംബര്‍ 30 ബാങ്കുകളുടെ അര്‍ധവാര്‍ഷിക കണക്കെടുപ്പ് നടക്കുന്ന ദിവസമാണ്. ട്രഷറി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഈ തീയതി നിര്‍ണായകമാണ്. പണിമുടക്ക് ബാങ്കുകളുടെ കണക്കെടുപ്പുകളെയും വിപണി ക്രമീകരണങ്ങളെയും ബാധിച്ചേക്കാം.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബാങ്കിങ് ഇടപാടുകള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാനും ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നിര്‍ദേശം നല്‍കി. സമരം പരിഗണിച്ച് എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ നടപടി സ്വീകരിച്ചതായി ബാങ്കുകള്‍ അറിയിച്ചു. ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാന്‍ എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് ഉള്‍പ്പെടെയുള്ളവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രാഞ്ചുകളിലെ സേവനങ്ങള്‍ തടസ്സപ്പെടുമെങ്കിലും ഡിജിറ്റല്‍, എടിഎം ഇടപാടുകള്‍ നടത്താമെന്ന് ബാങ്കുകള്‍ അറിയിച്ചു.

സമരത്തിന്റെ മൂന്നാം ഘട്ടമായി, ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന ബാങ്ക് ശാഖകള്‍ പണിമുടക്കു ദിവസങ്ങളിലും തുറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പണിമുടക്കുമായി സഹകരിക്കാത്ത ജീവനക്കാരെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസില്‍ നിന്നുള്ളവരെയും ഉപയോഗിച്ച് ഇവ പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. പണിമുടക്ക് സംബന്ധമായ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റികള്‍ കൂടണം. കറന്‍സി ചെസ്റ്റുകള്‍, ക്ലിയറിങ് സെന്ററുകള്‍, ഡേറ്റ സെന്ററുകള്‍ എന്നിവ പൂര്‍ണമായി പ്രവര്‍ത്തിക്കണം.

സമരത്തെ നേരിടുന്നതിനായി ധനമന്ത്രാലയം വാര്‍ റൂമും തുറക്കും. ഓരോ ബാങ്കില്‍നിന്നും നോഡല്‍ ഓഫിസര്‍മാരെ ഉള്‍പ്പെടുത്തും. ക്രമസമാധാനപ്രശ്‌നങ്ങള്‍ നേരിടാനായി ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധികളുമുണ്ടാകും. സംസ്ഥാനങ്ങളില്‍നിന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group