'ജിന്ന് മന്ത്രിച്ച പഴത്തിന് 2500 രൂപ'; സൂചി പ്രയോഗത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയ തിരുനാവായയിലെ 'ജിൻ മഹര്‍' തട്ടിപ്പ് കേന്ദ്രം പൂട്ടിച്ച് നാട്ടുകാര്‍
മലപ്പുറം: തിരുനാവായയില്‍ 'ജിന്ന് മന്ത്രിച്ച പഴം' നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവന്ന വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ച് പോലീസിന് പരാതി നല്‍കി.
തിരുനാവായ കൊടയ്ക്കലില്‍ 'ജിൻ മഹർ' എന്ന പേരില്‍ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് നാട്ടുകാർ തടഞ്ഞുനിർത്തി പൂട്ടിച്ചത്.
ആലപ്പുഴ സ്വദേശിയായ ജമാലുദ്ദീന്റെ നേതൃത്വത്തിലാണ് ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നല്‍കുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കുമെന്നും വാഗ്ദാനം ചെയ്ത് ഈ വ്യാജ ചികിത്സാകേന്ദ്രം പ്രവർത്തിച്ചിരുന്നത്. നാലുമാസം മുമ്പ് ആരംഭിച്ച ഈ സ്ഥാപനം തുടക്കത്തില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് പ്രവർത്തിച്ചിരുന്നതെങ്കിലും പിന്നീട് വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്.
ജമാലുദ്ദീനെ കൂടാതെ 'ജിന്ന്' ആയി വേഷമിട്ട ഒരാളടക്കം മൂന്നു പേരാണ് ഈ തട്ടിപ്പിന് പിന്നില്‍ പ്രവർത്തിച്ചിരുന്നത് എന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. സ്പീക്കർ ബോക്‌സിലൂടെ അറബിയും ഉറുദുവും സംസാരിച്ചും, മുഖംമൂടി ധരിച്ച ഒരാളെ 'ജിന്ന്' ആയി അവതരിപ്പിച്ചുമാണ് ഇവർ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.
തുടർന്ന് ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെടുന്ന ഏത്തപ്പഴം ലേലം വിളിച്ചാണ് ആളുകള്‍ക്ക് നല്‍കിയിരുന്നത്. 1000 രൂപ മുതല്‍ 2500 രൂപ വരെ വാങ്ങിയാണ് ഇവർ ഈ പഴം വിറ്റിരുന്നത്. തൊലി കളയാതെ തന്നെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം രണ്ടു കഷ്ണങ്ങളായി മുറിച്ചുവെക്കുന്ന മാജിക് വിദ്യയാണ് അത്ഭുതമെന്ന രീതിയില്‍ ഇവർ കാണിച്ചിരുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ചിലർ ഈ തട്ടിപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും കള്ളി വെളിച്ചത്താക്കുകയും ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. ഇതിന് പിന്നാലെ സംഘടിച്ചെത്തിയ നാട്ടുകാർ കേന്ദ്രം പൂട്ടിക്കുകയും തിരുനാവായ പോലീസിലും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
Post a Comment