Join News @ Iritty Whats App Group

മരണാനന്തര അവയവദാതാക്കൾക്ക് സർക്കാരിന്റെ ആദരം; 'സ്മൃതി വന്ദനം 2026' മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും

മരണാനന്തര അവയവദാതാക്കൾക്ക് സർക്കാരിന്റെ ആദരം; 'സ്മൃതി വന്ദനം 2026' മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും


തിരുവനന്തപുരം: സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി 'സ്മൃതി വന്ദനം 2026' ഇന്ന് (സെപ്റ്റംബർ 9ന്) നടക്കും. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ഡോ.ശശി തരൂർ എം.പി മുഖ്യാതിഥിയാവും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് അധ്യക്ഷയാവും.

2025 ഓഗസ്റ്റ് മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മരണാനന്തരം അവയവദാനം നിർവഹിച്ച 39 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ മന്ത്രി ആദരിക്കും. അതോടൊപ്പം, ഈ കാലയളവിൽ അവയവം സ്വീകരിച്ച് പുതുജീവിതത്തിലേക്ക് കടന്നവരും പരിപാടിയുടെ ഭാഗമാകും. മരണാനന്തര അവയവദാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള വിവിധ പുരസ്‌കാര വിതരണവും ഈ മേഖലയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കലും ചടങ്ങിൽ നടക്കും. മസ്തിഷ്‌കമരണ നിർണയം മുതൽ അവയവമാറ്റ ശസ്ത്രക്രിയ വരെയുള്ള വിവിധ ഘട്ടങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചവരെയും വേദിയിൽ ആദരിക്കും. കെ-സോട്ടോയുടെ വാർഷിക റിപ്പോർട്ട് പ്രകാശനവും പുതിയ ടോൾഫ്രീ നമ്പറിന്റെ ലോഞ്ചിംഗും ഇതോടൊപ്പം നിർവഹിക്കും. മരണാനന്തര അവയവദാന സമ്മതപത്രം രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്കായി ഓഡിറ്റോറിയത്തിന് സമീപം പ്രത്യേക രജിസ്‌ട്രേഷൻ കൗണ്ടറുകളും സജ്ജീകരിക്കും.

തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, കോർപ്പറേഷൻ കൗൺസിലർ എസ്. എസ്. സിന്ധു, തിരുവനന്തപുരം ശ്രീ ചിത്രാ തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോമി ജോൺ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റീജിയണൽ ഡയറക്ടർ (ഇൻ-ചാർജ്) വി. എൽ. ഹരിത തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

Previous Post Next Post
Join Our Whats App Group