മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ചിപ്സൺ ഏവിയേഷൻ; 19 ലക്ഷം രൂപയിലേറെ രൂപ അടച്ചെന്ന് രേഖ
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയിൽ പുതിയ വിവരങ്ങൾ പുറത്ത്. യാത്രയ്ക്ക് ഉപയോഗിച്ച വിമാനത്തിന്റെ ചെലവായി 19 ലക്ഷം രൂപയിലേറെ ചിപ്സൺ ഏവിയേഷൻ അടച്ചതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ഇതിനായി അടിസ്ഥാന വാടകയും ജിഎസ്ടിയും ഉൾപ്പെടെ 19,88,595 ലക്ഷം രൂപ ചിപ്‌സൺ ഏവിയേഷൻ വിമാന ഉടമകൾക്ക് നൽകിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താൻ തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്ക് നടത്തിയ യാത്രയാണ് വിവാദമായത്. കർണാടകയിലെ കേളചന്ദ്ര ഏവിയേഷൻ്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബവുമായി ബന്ധപ്പെട്ടതാണ് കെളചന്ദ്ര ഗ്രൂപ്പ്. സംസ്ഥാന സർക്കാരുമായുള്ള ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കാനായി ചിപ്‌സൺ ഏവിയേഷൻ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്ക് ഈ സൗജന്യ വിമാനയാത്ര ഒരുക്കിയത്. കരാര്‍ പുതുക്കി നല്‍കാനുള്ള കമ്പനിയുടെ പാരിതോഷികമാണ് യാത്ര എന്നാണ് വിവരം.
അതേസമയം, സംസ്ഥാന സർക്കാരിന് കഴിഞ്ഞ മൂന്ന് വർഷമായി ഹെലികോപ്റ്റർ സേവനം നൽകിയിരുന്ന ചിപ്സൺ ഏവിയേഷന്റെ കരാർ സെപ്റ്റംബർ 19ന് അവസാനിച്ചിരുന്നു. കരാർ പുതുക്കുന്നതിനുള്ള നടപടികൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. പഴയ കരാർ പ്രകാരം ഹെലികോപ്റ്റർ സേവനത്തിന് സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ നൽകേണ്ടിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
യാത്ര സൗജന്യമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ വിമാനം ഒരുക്കിയതുമായി ബന്ധപ്പെട്ട പുതിയ രേഖകൾ പുറത്തുവന്നതോടെ യാത്രയുടെ സ്പോൺസർഷിപ്പും ചിപ്സൺ ഏവിയേഷനുമായുള്ള സർക്കാർ കരാറും രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. സ്പോൺസേഡ് യാത്രകൾ തുടരുമെന്ന വി.ഡി. സതീശന്റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയിട്ടുണ്ട്. മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഇതോടൊപ്പം ഉയർത്തിക്കാട്ടുന്നു. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്തെ ഹെലികോപ്റ്റർ യാത്രാ വിവാദവും ചൂണ്ടിക്കാട്ടിയാണ് സതീശൻ തന്റെ നിലപാട് വിശദീകരിച്ചത്.
Post a Comment