മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം. സ്വകാര്യബസുകള്‍ സമരത്തിന്
കണ്ണൂർ: കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയില്‍ വലയുന്ന സ്വകാര്യ ബസുടമകള്‍ യാത്രാ നിരക്കും വിദ്യാർത്ഥികളുടെ കണ്‍സഷൻ നിരക്കും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങുന്നു.
നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയില്‍ മാത്രം 100ലധികം ബസുകള്‍ സർവീസ് അവസാനിപ്പിച്ചുവെന്നാണ് ബസുടമകള്‍ പറയുന്നത്. നാളെ പാലക്കാട്ട് ചേരുന്ന ബസുടമകളുടെ യോഗം സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു.
മിനിമം ചാർജ് 15 രൂപയായി വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ കണ്‍സഷൻ ചാർജ് 5 രൂപയായി ഉയർത്തുക എന്നിവയാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
ബസുകളുടെ സ്‌പെയർ പാർട്‌സിനും, ടയറുകള്‍ക്കും, ഓയിലിനും വില വർദ്ധിച്ചത് 50 ശതമാനത്തിലധികമാണെന്നാണ് ബസുടമകള്‍ പറയുന്നത്. ഇപ്പോഴത്തെ മിനിമം നിരക്കില്‍ സർവീസ് നടത്തിയാല്‍ ബസുടമകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും വീഴും. ഇന്ധന ചിലവിന് പുറമെ, തൊഴിലാളികളുടെ കൂലി, മറ്റ് ചിലവുകളെല്ലാം അധികരിക്കുകയാണ്. വിഷയത്തില്‍ ഉടൻ സർക്കാർ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകളുടെ തീരുമാനം.
ജില്ലയില്‍ കണ്ണൂർ-പയ്യന്നൂർ, പയ്യന്നൂർ-കാസർകോട്, ഇരിട്ടി-കണ്ണൂർ, തളിപ്പറമ്പ്-പയ്യാവൂർ, തളിപ്പറമ്പ്-ആലക്കോട് റൂട്ടുകളിലാണ് പ്രിയദർശിനി സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
റിപ്പോർട്ട് തൃപ്തികരമല്ല
പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകള്‍ അപര്യാപ്തമെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.
ഒരേ റൂട്ടില്‍ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത് എന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തല്‍. കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്. എന്നാല്‍, പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒന്നും റിപ്പോർട്ടില്‍ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.
إرسال تعليق