Join News @ Iritty Whats App Group

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; 11 കോടിയുടെ എംഡിഎംഎയുമായി മലയാളികൾ ഉൾപ്പടെ 6 പേര്‍ ബെംഗളൂരുവിൽ പിടിയില്‍

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; 11 കോടിയുടെ എംഡിഎംഎയുമായി മലയാളികൾ ഉൾപ്പടെ 6 പേര്‍ ബെംഗളൂരുവിൽ പിടിയില്‍


ബെംഗളൂരു:ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. 11 കോടിയോളം രൂപയുടെ എംഡിഎംഎയുമായി രണ്ട് മലയാളികൾ ഉൾപ്പടെ ആറുപേരെ കർണാടക പൊലീസ് പിടികൂടി. മൂന്നിടങ്ങളിൽ നിന്നായി അഞ്ചര കിലോയോളം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ബെംഗളൂരുവിലെ വിദ്യാരണ്യപുര, ഹെബ്ബാൾ, ഗിരിനഗർ പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ നിന്നാണ് വലിയ തോതിൽ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്ന് പൊലീസ് വ്യക്തമാക്കി.

ഗിരിനഗറിൽ നിന്ന് 8 കോടി 64 ലക്ഷം രൂപയുടെ എംഡിഎംഎയാണ് കണ്ടെടുത്തത്. ഹെബ്ബാളിൽ നിന്ന് 2 കോടി 10 ലക്ഷം രൂപയുടെ മയക്കുമരുന്നും വിദ്യാരണ്യപുരയിൽ 2,20,000 രൂപയുടെ എംഡിഎംഎയും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് മലയാളികളും ഒരു വിദേശിയും ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഷിഖ്, ജാഫർ എന്നിവരാണ് പിടിയിലായ മലയാളികൾ. ജോസൈ ആബേലാണ് പിടിയിലായ വിദേശി. രണ്ട് പേർ കർണാടക സ്വദേശികളാണ്. വിദേശത്ത് നിന്ന് കർണാടകയ്ക്ക് പുറത്തുനിന്നുമാണ് എംഡിഎംഎ ശേഖരിച്ചിരുന്നതെന്ന് പിടിയിലായവർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളെയും ഐടി ജീവനക്കാരെയുമാണ് പ്രതികൾ ഉന്നംവെച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. തായ്‍ലൻഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്തുന്ന വൻ ശ‍ൃംഖലയുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത അഞ്ചര കിലോയോളം എംഡിഎംഎക്ക് വിപണിയിൽ 10 കോടി 92 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group