കേരളത്തിൽ ചൂട് കൂടുന്നു; പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം
കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിലെ താപനില. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ നിർജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായാൽ വൈദ്യസഹായം തേടുകയും വേണം.
ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്നുനിൽക്കുന്നതിനാൽ യഥാർഥ താപനിലയെക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് താപനില ഉയരാൻ പ്രധാന കാരണം. അതേസമയം, നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി കണക്കാക്കുന്നില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
Post a Comment