Join News @ Iritty Whats App Group

മന്ത്രിസഭ പുനസംഘടന: കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി, എംഎഎൽഎമാർ രാജിപ്രഖ്യാപിച്ചു, അണികൾ തെരുവിലിറങ്ങി; അനുനയ ശ്രമങ്ങൾ തുടരുന്നു

മന്ത്രിസഭ പുനസംഘടന: കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി, എംഎഎൽഎമാർ രാജിപ്രഖ്യാപിച്ചു, അണികൾ തെരുവിലിറങ്ങി; അനുനയ ശ്രമങ്ങൾ തുടരുന്നു


ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തെ ചൊല്ലി പാർട്ടിയിലുണ്ടായ അതൃപ്തി പരസ്യപ്രതിഷേധത്തിലേക്ക്. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡി മണ്ഡലത്തിലെ എംഎൽഎ യശ്വന്ത്‍രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎൽഎ സംഗമേഷും സ്ഥാനം രാജി പ്രഖ്യാപിച്ചു. പിന്നാലെ മുതിർന്ന അംഗം ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

പ്രിയ നേതാക്കൾക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് എംഎൽഎമാരുടെ അനുയായികൾ തെരുവിലിറങ്ങി. മണ്ഡ്യ, കൊപ്പള എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിജയനഗരിയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ വലിയ ജനരോഷം ഉയർന്നു. രോഷാകുലരായ അനുയായികൾ ഡികെയുടെ കോലം കത്തിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മന്ത്രിമാരുടെ അന്തിമ പട്ടികയെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുകയാണ്. മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് പാർട്ടി നേതൃത്വത്തിനുള്ളിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നേതാക്കളെയും അനുയായികളെയും ശാന്തരാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീവ്രശ്രമം നടത്തുന്നുണ്ട്.

കർണാടകയിൽ 20 പേരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മലയാളിയായ എൻഎ ഹാരിസും കഴിഞ്ഞ സ‍ർക്കാരിലെ ആരോഗ്യമന്ത്രിയായ ദിനേഷ് ഗുണ്ടുറാവുവും മന്ത്രിപ്പട്ടികയിൽ നിന്ന് പുറത്തായി. വിവാദ പരാമർശം നടത്തിയ സമീർ അഹമ്മദ് ഖാൻ സ്ഥാനം നിലനിർത്തി. ജിഎസ് പാട്ടീൽ സ്പീക്കറാകും. പൊന്നണ്ണയായിരിക്കും ഡെപ്യൂട്ടി സ്പീക്കർ എന്നാണ് വിവരം. സലീം അഹമ്മദ് കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കറും ഉമാശ്രീ ഡെപ്യൂട്ടി സ്പീക്കറുമായിരിക്കും. മന്ത്രിസഭയിൽ 9 പുതുമുഖങ്ങളാണ് ഉള്ളത്. ഒരു വനിത മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചതെന്നുമാണ് വിവരം.

പി.എം നരേന്ദ്ര സ്വാമി, ശിവരാജ് തങ്കടി, രുദ്രപ്പ ലമാനി, കെ.എസ് ബസവന്തപ്പ, ബി നാഗേന്ദ്ര, ടി രഘുമൂ‍ർത്തി, സമീർ അഹമ്മദ് ഖാൻ, റിസ്‍വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിംഗ്, ചെലുവരായസ്വാമി, ശിവലിംഗെ ഗൗഡ, എച്ച്സി ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗ‍‍ഡ, ബസവരാജ് രായറെഡ്ഡിവിജയാനന്ദ കഷപന്നവർ, ലക്ഷ്മൺ സാവഡി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. രുദ്രപ്പ ലമാനി, കെ.എസ്.ബസവന്തപ്പ, ടി.രഘുമൂ‍ർത്തി, റിസ്‍വാൻ അർഷാദ്, അജയ് സിംഗ്, ശിവലിംഗെ ഗൗഡ, എച്ച്.സി.ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗ‍‍ഡ, വിജയാനന്ദ കഷപന്നവർ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ.

Post a Comment

أحدث أقدم
Join Our Whats App Group