പാലക്കാട് റെയിൽവേ പ്രതിഷേധങ്ങൾക്കിടെ സിപിഎം ജില്ലാ സെക്രട്ടറിയും എംപിയും തമ്മിൽ വെല്ലുവിളി, ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ ധൈര്യമുണ്ടോയെന്ന് ചോദ്യം
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരായ പ്രതിഷേധത്തിനിടെ സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും വി കെ ശ്രീകണ്ഠൻ എം പിയും തമ്മിൽ വെല്ലുവിളി. ബി ജെ പിക്കെതിരെ പ്രതിഷേധിക്കാൻ ധൈര്യമുണ്ടെങ്കിൽ ശ്രീകണ്ഠൻ അനിശ്ചിതകാല നിരാഹാര സമരം നടത്തണമെന്ന് ഡി വൈ എഫ് ഐ സമരത്തിനിടെയാണ് സുരേഷ് ബാബു വെല്ലുവിളിയുമായി രംഗത്തെത്തിയത്. ആണത്തമുണ്ടെങ്കിൽ ബി ജെ പിക്കെതിരെ പ്രതിഷേധം ഉയർത്തൂ എന്നായിരുന്നു ശ്രീകണ്ഠന്‍റെ തിരിച്ചടി. അല്ലാതെ എം പിയെ അധിക്ഷേപിക്കുകയല്ല വേണ്ടതെന്നും ബി ജെ പിയെ ഭയന്നാണ് ഇവരുടെ രാഷ്ട്രീയ പ്രവർത്തനമെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.
പ്രതിഷേധം ഇരമ്പി
അതേസമയം പാലക്കാട് ഡി ആർ എം ഓഫീസിലേക്ക് ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ഒലവക്കോട് ഡി ആർ എം ഓഫീസിന്റെ ഗേറ്റുകൾ ഉപരോധിച്ച ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസിന്റെ പ്രതിരോധം തകർത്ത് കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാരെ അകത്തേക്ക് കടത്തിവിടാതിരുന്നതിനെ തുടർന്ന് ചിലർ മതിൽ ചാടിയാണ് ഓഫീസിനുള്ളിൽ കടന്നത്. രണ്ടര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി ആർ എം ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടി അകത്തു കടക്കുകയായിരുന്നു. പ്രതിഷേധ സമരം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ പൊട്ടന്മാരാക്കുന്നു
അതേസമയം പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ഒരു വലിയ സംഭവമാക്കി കാണിച്ച് ജനങ്ങളെ പൊട്ടന്മാരാക്കാനാണ് ശ്രമം നടക്കുന്നുവെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. കേരളത്തിലെ റെയിൽവേ വികസനത്തിൽ ഒരു വീഴ്ചയും ഉണ്ടാകരുതെന്നാണ് ബി ജെ പി നിലപാടെന്നും വാഗ്ദാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സർക്കാർ ഇത് വിവാദമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ വിഭജനം നടപ്പാക്കുന്നതോടെ ഡിവിഷന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ഇത് പാലക്കാട് ഡിവിഷന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നുമാണ് പൊതുവെ ഉയരുന്ന ആശങ്ക.
Post a Comment