‘തുണി ഊരി പമ്പയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ല, ദുരാചാരം… ശബരിമലയിൽ യുവതീപ്രവേശനമാണ് നിരോധിച്ചിട്ടുള്ളത്’; ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാർ
ശബരിമലയിൽ തുണി ഊരി പമ്പയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ല, ദുരാചാരമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വണ്ടിയുടെ മുന്നിൽ കർപ്പൂരം കത്തിക്കുന്നതും പ്ലാസ്റ്റിക് കവറുകളിലുള്ള ഷാംപൂ കൊണ്ടുവരുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ പുണ്യമലയായി സംരക്ഷിക്കേണ്ടത് എല്ലാ ഭക്തരുടെയും ഉത്തരവാദിത്തമാണെന്നും കെ. ജയകുമാർ വ്യക്തമാക്കി.
തീർത്ഥാടകർ ഉന്നയിക്കുന്ന പരാതികൾ തീർത്ഥാടനകാലം അവസാനിക്കുന്നതുവരെ കാത്തിരിക്കാതെ ഉടൻ പരിഹരിക്കാൻ കഴിയുന്ന സംവിധാനത്തിലേക്ക് ദേവസ്വം ബോർഡ് മാറണം. ഇതിനായി ‘ടു-വേ കമ്മ്യൂണിക്കേഷൻ’ സംവിധാനം ആവശ്യമാണ്. ശബരിമലയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് കൃത്യമായ വിവരങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ‘ശബരിമല സന്ദേശ്’ മാസിക പ്രസിദ്ധീകരിക്കും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി നവംബർ 15ന് മുമ്പ് മാസിക പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
ശബരിമലയിലെത്തുന്ന ഭക്തരിൽ വലിയൊരു വിഭാഗവും കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളുണ്ട്. ശബരിമലയിൽ യുവതീപ്രവേശനമാണ് നിരോധിച്ചിട്ടുള്ളത്. ഇത്തരം ആചാരങ്ങളും നിയന്ത്രണങ്ങളും ഭക്തർക്ക് പരിചയപ്പെടുത്തുന്നതിനാണ് ‘ശബരിമല സന്ദേശ്’ മാസികയെന്നും കെ. ജയകുമാർ വ്യക്തമാക്കി.
إرسال تعليق