പാല്‍ചുരം വഴി വയനാട്ടിലേക്കുള്ള യാത്ര ദുരിതയാത്രയാവുന്നു
മട്ടന്നൂര്‍: കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള പ്രധാന അന്തര്‍സംസ്‌ഥാന പാതകളിലൊന്നായ പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡിലെ യാത്ര ചിലപ്പോള്‍ ദുരിത യാത്രയായി മാറും.
മഴക്കാലമായതോടെ മണ്ണിടിച്ചിലും പാറവീഴ്‌ചയും രൂക്ഷമായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഭീതിയിലാണ്. മഴ ആരംഭിച്ചതോടെ പലതവണയായി ബോയ്‌സ് ടൗണ്‍ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ രീതിയില്‍ മണ്ണും കല്ലും റോഡിലേക്ക് ഇടിഞ്ഞുവീഴുന്നുണ്ട്. കൂറ്റന്‍ പാറകള്‍ ഏത് സമയത്തും റോഡിലേക്ക് പതിക്കാവുന്ന സ്‌ഥിതിയിലാണ്.
ഇതുമൂലം വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി നേരിടുന്നതിനൊപ്പം ഗതാഗതം തടലപ്പെടുകയും മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യമുണ്ട്.കുത്തനെയുള്ള ഇറക്കങ്ങളും അപകടകരമായ വളവുകളും നിറഞ്ഞ ചുരംപാതയില്‍ റോഡിനോട് ചേര്‍ന്നുള്ള പാറക്കെട്ടുകളാണ് പ്രധാന ഭീഷണി. മഴ ശക്‌തമാകുന്നതോടെ മണ്ണിടിച്ചിലിനും പാറവീഴ്‌ചയ്‌ക്കുമുള്ള സാധ്യത വര്‍ധിക്കുന്നതിനാല്‍ യാത്രക്കാര്‍ ഏറെ ആശങ്കയിലാണ്. ഇതിനുപുറമെ ഉച്ചസമയത്തുപോലും ചുരത്തില്‍ അനുഭവപ്പെടുന്ന കനത്ത കോടമഞ്ഞ് െ്രെഡവര്‍മാരുടെ കാഴ്‌ച മറയ്‌ക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
എതിര്‍ദിശയില്‍നിന്നെത്തുന്ന വാഹനങ്ങള്‍ അവസാന നിമിഷത്തില്‍ മാത്രം കാണുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുണ്ട്. നൂറുകണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളും ഭാരമേറിയ ചരക്കുവാഹനങ്ങളും ഉള്‍പ്പെടെയുള്ളവയും സഞ്ചരിക്കുന്നുണ്ട്.
മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതും വിള്ളലുകള്‍ രൂപപ്പെട്ടതുമായ ഭാഗങ്ങളില്‍ ശക്‌തമായ സംരക്ഷണഭിത്തികള്‍ നിര്‍മിച്ച് റോഡ് സുരക്ഷിതമാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.
അപകടസാധ്യതയുള്ള മേഖലകളില്‍ വേഗനിയന്ത്രണ മുന്നറിയിപ്പ് ബോര്‍ഡുകളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സ്‌ഥാപിക്കണമെന്നും കോടമഞ്ഞ് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു.
Post a Comment