കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ് ആകും; ശുപാർശ സമർപ്പിച്ച് കെഎംആർഎൽ
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പേര് ‘കേരള മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ. കെഎംആർഎൽ എം. ഡി ലോക്നാഥ് ബഹ്റയാണ് ഇതുസംബന്ധിച്ച് സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി ശുപാർശ സമർപ്പിച്ചത്.
കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പേര് മാറ്റത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള മെട്രോയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയ കെഎംആർഎൽ നിലവിൽ പ്രവർത്തന ലാഭത്തിലാണ്. കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെഎംആർഎൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ്. ഈ സാഹചര്യത്തിലാണ് നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ കേരളം മെട്രോ റെയിൽ എന്ന പുതിയ പേര് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ലോക്നാഥ് ബഹ്റ പറഞ്ഞു.
إرسال تعليق