`എല്ലാം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ, പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ്'; യുഡിഎഫ് സർക്കാരിനെ വിമർശിച്ച് പിണറായി വിജയൻ
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്നും എല്ലാം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ ആണെന്നും പിണറായി വജയൻ പറഞ്ഞു. പയ്യന്നൂരിലെ മാത്തിൽ നടക്കുന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഭരണമാറ്റം സംഭവിച്ചാലും കേരളത്തിലെ പൊതു രീതിയിൽ മാറ്റം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. ആർ എസ് എസ് പൂർണമായി ചൊല്ലാറുള്ള വന്ദേ മാതരം മന്ത്രിസഭ സത്യപ്രതിജ്ഞയിൽ തന്നെ ചൊല്ലി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലും വന്ദേ മാതരം ചൊല്ലണമെന്ന് നിർദേശം നൽകി. കോൺഗ്രസസിന് ഇക്കാര്യത്തിലുള്ള നയം ആസ്ഥാന മന്ദിരത്തിലും പ്രകടമായിരുന്നു. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങൾ വേണമെന്നത് ആർഎസ്എസ് അജണ്ടയായിരുന്നു. ഇതിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം കൊണ്ടുവന്നതാണ്. എന്നാൽ, ഭരണം മാറിയതോടെ അത് തകിടം മറഞ്ഞു. വഖഫ് ബോർഡിൽ രണ്ടു അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നതിൽ വിയോജിപ്പ് ഉണ്ടായത് കൊണ്ടാണ് അത് ഒഴിച്ചിട്ടത്. പക്ഷേ, യുഡിഎഫ് സർക്കാർ അമുസ്ലിങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുന:സംഘടിപ്പിക്കാം എന്ന് കോടതിയെ അറിയിച്ചെന്നും പൂർണമായും ആർഎസ്എസിനെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് യുഡിഎഫിനെന്നും പിണറായി പറഞ്ഞു.
കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴ്പ്പെടുകയാണ് സർക്കാർ. പി എം ശ്രീ നടപ്പാക്കാൻ ഉള്ള തത്രപ്പാടിലാണ്. അധികാരത്തിൽ വന്നാൽ പി എം ശ്രീ അറബിക്കടലിൽ കളയും എന്ന് പറഞ്ഞവരാണ് ഇപ്പോൾ ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ട നടപടികൾ ചെയ്യുന്നത്. ഗവർണർ ഉന്നത വിദ്യാഭ്യാസ രംഗത്ത് തോന്നിയ പോലെ കാര്യങ്ങൾ ചെയ്യുന്നു. ഗവർണർക്കെതിരെ സർക്കാർ ശബ്ദിക്കുന്നില്ല. രണ്ടാം എൽഡിഎഫ് സർക്കാർ വന്നപ്പോൾ എല്ലാ വിഷയത്തെയും എതിർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വലതുപക്ഷ മാധ്യമങ്ങൾ ഇടതുപക്ഷ വിരോധം കൊണ്ടുനടക്കുന്നു. അവരെല്ലാം ഈ വഴിക്ക് കാര്യങ്ങൾ നീക്കി. എങ്ങനെ സർക്കാരിനെ എതിർക്കണം എന്നാണ് ഇവർ നോക്കിയത്. എൽഡിഎഫിനെതിരെ പ്രതിപക്ഷവും വലതു പക്ഷ മാധ്യമങ്ങളും സംഘടിത നീക്കം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു.
ഏത് പ്രചാര വേലകൾ വന്നാലും എൽഡിഎഫിന് പിടിച്ചു നിൽക്കാവുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പയ്യന്നൂർ. നല്ല തോതിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു വന്ന മണ്ഡലമാണിത്. ഏത് കുത്തൊഴുക്കിനെയും നേരിടാവുന്ന അവസ്ഥയായിരുന്നു മണ്ഡലത്തിൽ ഉണ്ടായിരുന്നത്. 1987ൽ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം എൽഡിഎഫിന് വന്നപ്പോഴും 50ശതമാനം ഉണ്ടായിരുന്നു. അങ്ങനെ ഉള്ള പയ്യന്നൂരിലെ തോൽവി എങ്ങനെ ഉണ്ടായെന്നു ചോദ്യം വരും. കേരളത്തിലെ കാരണങ്ങൾ മാത്രം എടുത്താൽ പോരാ. പയ്യന്നൂരിലെ വോട്ടർമാർ ഏറെയും സിപിഎമ്മിനെ സ്നേഹിക്കുന്നവരാണ്. പാർട്ടിക്കകത്തു നിന്നു ചിലർ പാർട്ടിയുടെ വിശ്വാസ്യത കളയാൻ നോക്കി. പാർട്ടിയുടെ നേതൃതലത്തിൽ നിന്നു വേറെ ബന്ധങ്ങൾ ഉണ്ടാക്കാൻ നോക്കി. ഒരു കമ്മ്യൂണിസ്റ്റ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്തു. പാർട്ടി തെറ്റ് വെച്ച് പൊറുപ്പിക്കില്ലെന്നും പിണറായി പറഞ്ഞു.
إرسال تعليق