‘ഒരുമിച്ച് വേദി പങ്കിട്ടാലും ഭക്ഷണം കഴിച്ചാലും ഒരുമതാചാരവും ലംഘിക്കപ്പെടുകയില്ല; സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും’ : കെ. കെ. ശൈലജ
സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ. കെ. ശൈലജ. പൊതു സ്ഥലങ്ങളില്‍ ഒത്തുചേരുകയും യോഗങ്ങളില്‍ പങ്കെടുക്കുകയും വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ലെന്നും ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല
എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം
സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തിൽ മുസ്ലിം സ്തീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ് അവരിൽ എം എൽ എമാരും മുനിസിപ്പൽ ചെയർപെഴ്സൺമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും
മറ്റ് ജനപ്രതിനിധികളുമുണ്ട്.
ജഡ്‌ജിമാരും വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും ടെക്‌നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട് അവർ പൊതു സ്ഥലങ്ങളിൽ ഒത്തുചേരുകയും മീറ്റിംഗ് കളിൽ
വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല.
സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന് ഇങ്ങനെയൊരു അഭിപ്രായ പ്രകടനമുണ്ടാകുന്നത് ശരിയല്ല.
إرسال تعليق