‘നിക്ഷേപകരെ കാണാൻ അല്ല, ഹെലികോപ്റ്റർ യാത്ര ഭാര്യാപിതാവിനെ കാണാൻ’; വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് ബിനോയ് വിശ്വം
ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പോയത്, നിക്ഷേപകരെ കാണാൻ അല്ലെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഭാര്യ പിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ മുഖ്യമന്ത്രി ഉണ്ടാക്കിയ കഥയാണ് നിക്ഷേപകരെ കാണാനെന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞ ആ നിക്ഷേപകൻ ആരാണെന്ന് ബിനോയ് വിശ്വം ചോദിച്ചു. മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിൽ ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നതെന്നും മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഇവിടെ ഒരു ഗവൺമെന്റ് ഉണ്ടായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇവിടത്തെ ഇപ്പോഴത്തെ സർക്കാർ ഒന്നും ചെയ്യാതെ ഉറങ്ങി. പിറ്റേന്ന് എഴുന്നേറ്റു വന്ന് എന്തൊക്കെയോ പറയുന്നുവെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്തെത്തിയിരുന്നു. മുൻ മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്രയെ താൻ വിമർശിച്ചിട്ടില്ലെന്നും നിക്ഷേപക ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്താനാണ് യാത്ര ചെയ്തതെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. വന്ദേ ഭാരത് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും നേരത്തെ കൂടിക്കാഴ്ച നടത്തണമെന്ന് അവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്ര നടത്തിയാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ നൽകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
إرسال تعليق