Join News @ Iritty Whats App Group

‘യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ഇസ്ലാമിക ആഘോഷങ്ങളുടെ ആത്മീയതയ്ക്ക് എതിര്’; വിമർശനങ്ങൾക്ക് മറുപടിയുമായി സമസ്ത പത്രം സിറാജ്

‘യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ഇസ്ലാമിക ആഘോഷങ്ങളുടെ ആത്മീയതയ്ക്ക് എതിര്’; വിമർശനങ്ങൾക്ക് മറുപടിയുമായി സമസ്ത പത്രം സിറാജ്


കോഴിക്കോട്: ഇസ്ലാമിക ആഘോഷവേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം എ.പി. വിഭാഗത്തിന്റെ സർക്കുലറിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സമസ്തയുടെ മുഖപത്രമായ സിറാജ്. ഇസ്ലാമിക ആഘോഷങ്ങൾക്ക് ആത്മീയമായ താത്പര്യങ്ങളുണ്ടെന്നും യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ഈ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം എഴുതിയ ലേഖനത്തിൽ പറയുന്നു.

‘പല കാര്യങ്ങളിലും നിങ്ങളുടെ പുരോഗമന ചിന്തയും ഇസ്ലാമും തമ്മിൽ വിയോജിച്ചു നിൽക്കും’ എന്ന പരാമർശത്തോടെയാണ് റഹ്മത്തുല്ല സഖാഫി എളമരത്തിന്റെ ലേഖനം വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്. കഴിഞ്ഞ 27ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പുറത്തിറക്കിയ സർക്കുലറിൽ മതപരമായ ആഘോഷങ്ങളിൽ ചില ജാഗ്രതകൾ പാലിക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. അന്യസംസ്‌കാരങ്ങൾ മതാഘോഷങ്ങളിലേക്ക് കൂട്ടിക്കലർത്തുന്നതും പൊതുസ്ഥലങ്ങളിൽ യുവതീ-യുവാക്കൾ ഇടകലർന്നുള്ള പ്രദർശനങ്ങളും ആഘോഷ പരിപാടികളിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു നിർദേശം.

ധാർമിക, സദാചാര വിഷയങ്ങളിൽ ഇസ്ലാം ഉയർത്തിപ്പിടിക്കുന്ന മൂല്യബോധത്തിന്റെ ഭാഗമായാണ് പണ്ഡിതസഭയുടെ നിർദേശമെന്നും മതനിയമങ്ങൾക്കനുസരിച്ച് ജീവിക്കാൻ താൽപര്യമുള്ള വിശ്വാസികൾക്കുള്ള ഉണർത്തലാണിതെന്നും ലേഖനം വിശദീകരിക്കുന്നു. എന്നാൽ ഇതിനെ ചിലർ വിവാദമാക്കുകയും പ്രതിഷേധ പ്രസ്താവനകളുമായി രംഗത്തെത്തുകയും ചെയ്തുവെന്നും ലേഖനത്തിൽ വിമർശിക്കുന്നു. ഇസ്ലാമിക ആഘോഷങ്ങളുടെ ആത്മീയതയ്ക്ക് പകരം ഭൗതിക സുഖാസ്വാദനങ്ങളിലേക്ക് പരിപാടികൾ വഴിമാറാനുള്ള സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ദഫ് പ്രദർശനം, സ്‌കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയ പരിപാടികളുടെ മറവിൽ ചിലയിടങ്ങളിൽ പെൺകുട്ടികളെ രംഗത്തിറക്കിയ സാഹചര്യത്തിലാണ് പണ്ഡിതന്മാർ പ്രത്യേക നിർദേശം നൽകിയതെന്നും ലേഖനത്തിൽ പറയുന്നു.

മുസ്ലിം സമുദായത്തോട് സ്വന്തം സംസ്‌കാരം കാത്തുസൂക്ഷിക്കാനുള്ള നിർദേശം മാത്രമാണിതെന്നും സിറാജിലെ ലേഖനം അവകാശപ്പെടുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച സിപിഐഎം നേതാക്കളായ പി.കെ. ശ്രീമതിയെയും കെ.കെ. ശൈലജയെയും ലേഖനം വിമർശിക്കുന്നുണ്ട്. മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ ഇവർക്ക് കൂടുതൽ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകാറുണ്ടെന്നും സ്വന്തം പാർട്ടിയിലും ഭരണത്തിലും പ്രവർത്തിച്ച സ്ത്രീകൾക്ക് അവകാശങ്ങൾ നേടിയെടുക്കുന്നതിനാണ് ഈ ജാഗ്രത വേണ്ടതെന്നും ലേഖനത്തിൽ പരിഹസിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group