കെഎം ബഷീർ കേസ്; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി
മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ അപകട മരണക്കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് വിചാരണ മാറ്റിവെച്ചത്. ഇന്ന് കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അഡ്വ. സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. എന്നാൽ നിയമന ഉത്തരവ് ഇതുവരെ കോടതിയിൽ സമർപ്പിക്കാത്തതിനാലാണ് വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായത്. ഉത്തരവ് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
2019 ആഗസ്റ്റ് 3ന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നതാണ് കേസ്. തിരുവനന്തപുരം സ്വദേശിനിയായ വഫ ഫിറോസിന്റെ പേരിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വാഹനം ഓടിച്ചത് വഫയാണെന്ന് ആദ്യം പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും, ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് ആ വാദം ചോദ്യം ചെയ്യപ്പെടുകയായിരുന്നു.
കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് അപകടകരമായി വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏറെ വിവാദമായ കേസിന്റെ വിചാരണ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന നടപടികൾ പൂർത്തിയായ ശേഷം വീണ്ടും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post a Comment