കെട്ടിക്കിടക്കുന്നത് കോടികളുടെ മരുന്നുകള്‍ അനാസ്ഥയില്‍ മുങ്ങി പരിയാരം മെഡി. കോളേജ്
കണ്ണൂർ: പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ കെട്ടിക്കിടന്ന് നശിക്കുന്നു.
ഭരണമാറ്റത്തെ തുടർന്നുള്ള യൂണിയൻ പോരുകളും ആശുപത്രിയുടെ പരിമിതികളും പരാതിക്കിടയാക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥ.
മെഡിക്കല്‍ കോളേജിലെ ഏഴാമത്തേയും എട്ടാമത്തേയും നിലകളിലാണ് നടക്കാൻ പോലും കഴിയാത്ത വിധത്തില്‍ മരുന്നുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. സംഭരണ സംവിധാനത്തിന്റെ അഭാവവും മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്യാത്തതുമാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ആക്ഷേപം. സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മരുന്നുകളാണ് രോഗികള്‍ക്ക് ഉപകാരപ്പെടാതെ പോകുന്നത്.
രോഗികളെ സ്‌ട്രെച്ചറിലും വീല്‍ചെയറിലും കൊണ്ടുപോകാൻ തടസമാകുന്ന വിധത്തിലാണ് മരുന്നുപെട്ടികള്‍ കൂട്ടിയിട്ടിരിക്കുന്നത്. നിലവില്‍ മെഡിക്കല്‍ കോളേജിലെ ഇ.എൻ.ടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകള്‍ തുടങ്ങിയവയ്ക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലത്തും മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നതു കാണാം. ഇൻജക്ഷനും നെബുലൈസർ സൊല്യൂഷനും പാരസെറ്റമോളും തുടങ്ങി പി.പി.ഇ കിറ്റുകള്‍ വരെ വലിയ ബോക്സുകളില്‍ കാണാം. കെ.എം എസ്.സി.എല്‍ നല്‍കിയ കോടികള്‍ വില വരുന്ന മരുന്നുകളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്. കാലാവധി കഴിഞ്ഞതും കഴിയാത്തതുമായ മരുന്നുകള്‍ ഇക്കൂട്ടത്തിലുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ നീക്കം ചെയ്യാനും അധികൃതർ തയ്യാറാകുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി ലഭിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ഇതിന് പുറമെ ഭരണമാറ്റത്തെത്തുടർന്നുള്ള കൂട്ട പിരിച്ചുവിടലുകള്‍, പുതിയ നിയമനങ്ങള്‍, ഭരണാനുകൂല ഇന്റേണല്‍ സ്ഥലംമാറ്റങ്ങള്‍ എന്നിങ്ങനെയുള്ള പരാതികളും ഉയരുന്നുണ്ട്. അടുത്തിടെ എൻ.ജി.ഒ അസോസിയേഷൻ നേതാക്കള്‍ ശിശുരോഗ വിഭാഗം ഒ.പിയില്‍ അതിക്രമിച്ചുകയറി വനിതാ ഡോക്ടറായ ഡോ. കെ.വി രാധാമണിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഡോക്ടർ കുഴഞ്ഞുവീണ സംഭവത്തിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പരിമിതികള്‍ക്കിടയില്‍ വലഞ്ഞ് രോഗികള്‍
നിലവില്‍ അത്യാഹിത വിഭാഗത്തിലും വാർഡുകളിലും ബെഡുകള്‍ ലഭിക്കാതെ നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ദുരിതത്തിലാകുന്നത്. വാർഡുകളിലെ ശുചിമുറി വൃത്തിഹീനമായി കിടക്കുന്നത് ചികിത്സയിലുള്ള രോഗികള്‍ക്ക് വീണ്ടും അണുബാധയുണ്ടാകാൻ കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ട്. ചില വിഭാഗങ്ങളില്‍ നിശ്ചിത സമയങ്ങളില്‍ ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമുയരുന്നുണ്ട്. പുതിയ മെഡിക്കല്‍ സൂപ്രണ്ടിന്റെ നയങ്ങളും ഭരണപരമായ ഇടപെടലുകളും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം സങ്കീർണ്ണമാക്കുന്നുവെന്നും ആക്ഷേപമുണ്ട്.
إرسال تعليق