‘പാറ്റകളല്ലാത്തവർ അത് ഉറക്കെ പറയൂ’… നിശബ്ദമായി സദസ്’; അപഹാസ്യനായി കേരള വിസി മോഹനൻ കുന്നുമ്മൽ
മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ ‘പാറ്റ’ പരാമർശവുമായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി മദ്രാസ് ഉൾപ്പെടെയുള്ളിടങ്ങളിൽ പഠിക്കുന്നവർ പാറ്റകളാകാനല്ല, കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു വിസിയുടെ പരാമർശം.
‘പാറ്റകളല്ലാത്തവർ അത് ഉറക്കെ പറയൂ’ എന്ന് പ്രസംഗത്തിനിടെ വിസി വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ സദസിൽനിന്ന് ആദ്യം പ്രതികരണമുണ്ടായില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു വിദ്യാർഥി ‘അല്ല’ എന്ന് മറുപടി നൽകി. വിദ്യാർഥിയെ അഭിനന്ദിച്ച ശേഷം മറ്റ് കുട്ടികളോടും പ്രതികരിക്കാൻ വിസി ആവശ്യപ്പെട്ടു.
വിദ്യാർഥികൾ പ്രതികരിക്കാത്തതിനെ തുടർന്ന് നിങ്ങൾക്ക് സംശയമുണ്ടോയെന്നും വിസി ചോദിച്ചു. വിദ്യാർഥികൾ പാറ്റകളല്ലെന്നും കരുത്തുറ്റ സിംഹങ്ങളും ദുർഗാദേവിയുമാണെന്നും അദ്ദേഹം പറഞ്ഞു. അറിവും കഴിവും സ്വന്തമാക്കിയാൽ ഇന്ന് നമ്മളെ പാറ്റകളെന്ന് വിശേഷിപ്പിക്കുന്നവർ നാളെ ഈയാംപാറ്റകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്നും വിസി കൂട്ടിച്ചേർത്തു.
കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു, മത്സരപരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ‘വിജയതാരകം’ പരിപാടിയിലാണ് പരാമർശം. പരിപാടി ഉദ്ഘാടനം ചെയ്ത ഗവർണർ വിദ്യാർഥികൾ മുതിർന്നവരിൽനിന്ന് അറിവും അനുഭവങ്ങളും സ്വീകരിക്കുകയും അവരെ ആദരിക്കുകയും വേണമെന്ന് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ് നേടുന്നതിനൊപ്പം മികച്ച വ്യക്തിത്വം രൂപപ്പെടുത്തുകയുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Post a Comment