ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്ന് പേർക്കെതിരെ കേസ്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ഒരു തടവുകാരൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
ചെരുപ്പിൽ പ്രത്യേകമായി തുരന്ന് ചെറിയ കവറിലാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. സന്ദർശകരുടെ വേഷത്തിലെത്തിയ രണ്ടംഗ സംഘമാണ് തടവുകാരനെ കാണാൻ ജയിലിലെത്തിയത്.
ഇവർ ഫോൺ വഴി പരസ്പരം ആശയവിനിമയം നടത്തിയിരുന്നതായും ഇതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും മറ്റും നിയമവിരുദ്ധമായി എത്തിക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജയിലിന് പുറത്തുനിന്ന് മതിലുകൾക്ക് മുകളിലൂടെ ബീഡിയും സിഗരറ്റും മദ്യവുമെല്ലാം അകത്തേക്ക് എറിഞ്ഞുകൊടുക്കുന്ന സംഭവങ്ങളും മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ജയിലിനുള്ളിലെ ലഹരിവ്യാപാരം തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കി വരുന്നതിനിടയിലാണ് ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ പിടികൂടിയത്.
Post a Comment