Join News @ Iritty Whats App Group

'ഭിന്നിപ്പുണ്ടാക്കി ലാഭമുണ്ടാക്കുന്നവർ തക്കം പാർത്തിരിക്കുന്ന കാലം, ഒറ്റക്കെട്ടായി നിൽക്കണം'; ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ

'ഭിന്നിപ്പുണ്ടാക്കി ലാഭമുണ്ടാക്കുന്നവർ തക്കം പാർത്തിരിക്കുന്ന കാലം, ഒറ്റക്കെട്ടായി നിൽക്കണം'; ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ


തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണമെന്നും ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും നൽകുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതിൽ നിന്നും ലാഭമുണ്ടാക്കുന്നവർ തക്കം പാർത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും. കേരളത്തിലെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. അവർക്കെല്ലാം ഊഷ്മളമായ ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group