മൂന്ന് ദിവസം പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍; ആറു വയസ്സുകാരി അത്ഭുതകരമായി ജീവിതത്തിലേക്ക്
കാഠ്മണ്ഡു: ലോകത്തിന് മുഴുവവന് നോവായ നേപ്പാളിലെ പ്രളയ ഭൂമിയില് നിന്ന് പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും ചെറിയ ചെറിയ വാര്ത്തകളും.
ജീവന്റെ തുടിപ്പ് പോലും ശേഷിക്കില്ല എന്നിടത്തു നിന്ന് ഒരു ആറുവയസ്സുകാരിയെ ജീവനോടെ പുറത്തെടുത്തിരിക്കുകയാണ് രക്ഷാപ്രവര്ത്തകര്. മൂന്ന് ദിവസത്തോളം ചെളിക്കും കെട്ടിടാവശിഷ്ടങ്ങള്ക്കും അടിയില് കുടുങ്ങിക്കിടന്നാണ് ആറുവയസുകാരിയുടെ അത്ഭുതകരമായ അതിജീവനം. ദുരന്തബാധിത മേഖലയായ രസുവ ജില്ലയിലെ തിമൂരെയില് നിന്നാണ് നേപ്പാള് പൊലിസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. നിലവില് മെഡിക്കല് സംഘത്തിന്റെ നിരീക്ഷണത്തില് കഴിയുകയാണ് കുട്ടി.
ഭോട്ടെ കോശി നദിയിലെ പ്രളയത്തെത്തുടര്ന്ന് ഒറ്റപ്പെട്ടുപോയവര്ക്കായി തിരച്ചില് നടത്തുന്നതിനിടെയാണ് അവശിഷ്ടങ്ങള്ക്കിടയില് നിന്നുള്ള കുട്ടിയുടെ കരച്ചില് രക്ഷാപ്രവര്ത്തകരുടെ ശ്രദ്ധയില്പ്പെട്ടത്. ഉടന് തന്നെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്ത് കുട്ടിയെ പുറത്തെടുത്തു. പിന്നാലെ തിമൂരെയിലെ ബോര്ഡര് ഔട്ട്പോസ്റ്റില് പ്രാഥമിക ചികിത്സ നല്കി. രാത്രിയായതും മോശം കാലാവസ്ഥയും കാരണം വെള്ളിയാഴ്ച കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാന് സാധിച്ചിരുന്നില്ല. പിന്നീട് കുട്ടിയെ ശനിയാഴ്ച എയര്ലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഹിമാലയന് മേഖലയില് ഹിമാനികള് തകര്ന്നതിനെ തുടര്ന്നുണ്ടായ മിന്നല് പ്രളയത്തിലും മണ്ണിടിച്ചിലിലും നേപ്പാളില് 734-ലധികം ആളുകളാണ് മരിച്ചത്. 2,400-ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വവിദേശ തീര്ഥാടകരുള്പ്പെടെ നിരവധി പേരെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക സംഘങ്ങളുടെ സഹായത്തോടെ പുരോഗമിക്കുകയാണ്.
അതിനിടെ, ഇനിയും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള് സംസ്ക്കരിക്കാനുള്ള നീക്കത്തിലാണ് നേപ്പാള് സര്ക്കാര്. മൃതദേഹവശിഷ്ടങ്ങള് ചീഞ്ഞളിയാനും ഇതുവഴി യുണ്ടാവുന്ന അണുബാധ സാധ്യതയും മുന്നില് കണ്ടാണ് നീക്കം. ഇതുവരെ കുറഞ്ഞത് 675 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. ഇന്ത്യയുടെ അതിര്ത്തിയിലുള്ള ചിത്വാന് ജില്ലയില് നിന്നാണ് ഏറ്റവും കൂടുതല് കണ്ടെടുത്തത്. 233 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്.
ആശുപത്രികളില് മതിയായ സ്ഥലവും സൗകര്യങ്ങളും ഇല്ലാത്തതിനാല് മൃതദേഹങ്ങള് അഴുകുന്നത് തടയാന് പാടുപെടുകയാണെന്ന് ചിത്വാന് അധികൃതര് പറയുന്നു. താല്ക്കാലികമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളില് നിന്നുള്ള ദുര്ഗന്ധവും വര്ദ്ധിച്ചുവരുന്ന അഴുകലും അണുബാധയ്ക്കുള്ള സാധ്യത വര്ദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇതിനെത്തുടര്ന്ന് ശനിയാഴ്ച മൃതദേഹങ്ങള് സംസ്കരിക്കാന് ജില്ലയിലെ അധികാരികള് തീരുമാനിച്ചത്.
إرسال تعليق