Join News @ Iritty Whats App Group

നീണ്ട പോരാട്ടത്തിന് ഇറാൻ; കമാൻഡർമാർക്ക് ശക്തമായ നിർദേശം, പഴയ നിരയെ മുൻനിരയിലിറക്കി മുജ്തബ ഖമേനി

നീണ്ട പോരാട്ടത്തിന് ഇറാൻ; കമാൻഡർമാർക്ക് ശക്തമായ നിർദേശം, പഴയ നിരയെ മുൻനിരയിലിറക്കി മുജ്തബ ഖമേനി



ടെഹ്റാൻ: മധ്യപൂർവേഷ്യയിൽ യുദ്ധഭീതി ശക്തമായി തുടരുന്നതിനിടെ, ഇറാൻ സൈനിക-സുരക്ഷാ സംവിധാനത്തിൽ വലിയ അഴിച്ചുപണി നടത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), ബസിജ് സുരക്ഷാ സേന, ആംഡ് ഫോഴ്സസ് ജനറൽ സ്റ്റാഫ് എന്നിവയിൽ ആറ് മുതിർന്ന കമാൻഡർമാരെയാണ് പരമോന്നത നേതാവ് മുജ്തബ ഖമേനി നിയമിച്ചത്. ദീർഘകാലം നീണ്ടുനിൽക്കാനിടയുള്ള വലിയൊരു സൈനിക ഏറ്റുമുട്ടലിന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കൊല്ലപ്പെട്ട പിതാവ് ആയത്തുള്ള അലി ഖമേനിക്ക് പകരം മാർച്ചിൽ അധികാരമേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ്, യുദ്ധകാല ഭരണകൂടത്തിന് ചുറ്റും സ്വന്തമായൊരു സുരക്ഷാവലയം തീർക്കുകയാണ്. “നയതന്ത്രം ഇപ്പോഴും ഈ തന്ത്രത്തിന്റെ ഭാഗമാണ്, എന്നാൽ യുദ്ധം പൂർണ്ണമായി അവസാനിച്ചു എന്ന് ടെഹ്റാൻ വിശ്വസിക്കാത്തതിനാലും, പോരാട്ടം തുടരുമെന്ന പ്രതീക്ഷയുള്ളതിനാലുമാണ് ഈ നിയമനങ്ങൾ,” എന്നാണ് യുഎസ് ആസ്ഥാനമായുള്ള 'സെന്റർ ഫോർ ഇന്റർനാഷണൽ പോളിസി'യിലെ സീനിയർ ഫെലോ സിന തൂസി പറയുന്നത്.

ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് പക്പൂറിന് പകരം, ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയെ മേജർ ജനറൽ പദവിയോടെ IRGC കമാൻഡർ ഇൻ ചീഫായി ഔദ്യോഗികമായി നിയമിച്ചു. ഒപ്പം, മുസ്തഫ ഇസാദിയെ ഡെപ്യൂട്ടിയായും നിയമിച്ചിട്ടുണ്ട്. സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫായി മേജർ ജനറൽ അലി അബ്ദുള്ളാഹിയും, ബസിജ് സുരക്ഷാ സേനയുടെ തലവനായി ഹുസൈൻ താബും ചുമതലയേറ്റു.

1970-കളുടെ അവസാനത്തിൽ IRGC രൂപീകരിച്ച കാലം മുതൽ അതിന്റെ ഭാഗമായ വാഹിദി, 1980-കളിൽ ഇന്റലിജൻസ്, സൈനിക വിഭാഗങ്ങളിൽ പ്രധാന പദവികൾ വഹിച്ച് ഉയർന്നുവന്നയാളാണ്. 1988 മുതൽ 1997 വരെ അദ്ദേഹം എലൈറ്റ് ഖുദ്സ് ഫോഴ്സിനെ നയിച്ചിരുന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 1998-ൽ അദ്ദേഹം ഖുദ്സ് ഫോഴ്സിന്റെ നേതൃത്വം ഖാസിം സുലൈമാനിക്ക് കൈമാറുകയായിരുന്നു.ഇറാന് പുറത്തുള്ള രഹസ്യ നീക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന IRGCയുടെ പ്രത്യേക വിഭാഗമാണ് ഖുദ്സ് ഫോഴ്സ്. ഇപ്പോൾ, പൂർണ്ണ തോതിലുള്ള ഒരു യുദ്ധത്തിൽ ഇറാന്റെ സൈന്യത്തെ നയിക്കാനുള്ള ചുമതലയാണ് വാഹിദിക്ക് ലഭിച്ചിരിക്കുന്നത്.

1970-കളിൽ IRGC രൂപീകരിച്ച കാലം മുതൽ സേനയുടെ ഭാഗമായിരുന്ന, നല്ല യുദ്ധപരിചയമുള്ള പഴക്കമേറിയ കമാൻഡർമാരെയാണ് പ്രധാന പദവികളിൽ എത്തിച്ചിരിക്കുന്നത്. ശത്രുക്കൾക്കെതിരെ "ശക്തമായ ആക്രമണാത്മക നീക്കങ്ങൾക്ക് സജ്ജമായിരിക്കാൻ മുജ്തബ ഖമേനി പുതിയ കമാൻഡർമാർക്ക് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മുൻ IRGC മേധാവി മൊഹ്സെൻ റെസായിയെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇറാന്റെ സുരക്ഷാ തലവനായി റെസായിയെ നിയമിച്ചത് രാജ്യത്തിനുള്ളിലെ അധികാര സന്തുലിതാവസ്ഥയിലെ മാറ്റത്തെയാണ് കാണിക്കുന്നത്. പാർലമെന്റ് സ്പീക്കറും ചീഫ് നെഗോഷ്യേറ്ററുമായ ഗാലിബാഫുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുൻ സുരക്ഷാ തലവൻ മുഹമ്മദ് ബാഗർ സോൾഖാദറിന് പകരമാണ് റെസായിയെ ഖമേനി നിയമിച്ചത്.

യുഎസുമായുള്ള അടുത്ത ഘട്ട ചർച്ചകൾക്ക് ഇനി റെസായി നേതൃത്വം നൽകിയേക്കാം. ഇത് ഭരണകൂടത്തിനുള്ളിലെ സൈനിക-സിവിൽ സന്തുലിതാവസ്ഥയെ 'പ്രതിരോധ പക്ഷത്തേക്ക്' ചായ്ക്കാനും, ചർച്ചകളെ പരമോന്നത നേതാവിന്റെ നിയന്ത്രണത്തിൽ നിർത്താനും സഹായിക്കും.

"തന്ത്രങ്ങൾ എന്താണെന്നതിനേക്കാൾ, തന്ത്രങ്ങൾ ആര് നിയന്ത്രിക്കുന്നു എന്നതിലാണ് യഥാർത്ഥ രാഷ്ട്രീയ മാറ്റമുള്ളത്."

ഇറാൻ ആക്രമണാത്മക നിലപാടുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും, അത് ഉടൻ തന്നെ വലിയൊരു സൈനിക നീക്കത്തിലേക്ക് വഴിമാറണമെന്നില്ലെന്ന് വിശകലന വിദഗ്ദ്ധൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

യുഎസുമായുള്ള നയതന്ത്ര ചർച്ചകളുടെയും രാജ്യത്തിന്റെ വിദേശനയത്തിന്റെയും പൂർണ്ണ നിയന്ത്രണം പരമോന്നത നേതാവിന്റെ നേരിട്ടുള്ള കസ്റ്റഡിയിലേക്ക് മാറ്റുന്നതിന്റെ സൂചനയാണിത്. കേവലം തിരിച്ചടിക്കുന്നതിൽ ഒതുങ്ങാതെ, മുൻകൈയെടുത്ത് ശത്രുവിന് വൻ നാശനഷ്ടങ്ങൾ വരുത്തുക എന്ന രീതിയിലേക്ക് ഇറാന്റെ പ്രതിരോധ തന്ത്രങ്ങൾ മാറുന്നുവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

എന്നാൽ, ഇത്തരം കടുത്ത പ്രസ്താവനകളും അഴിച്ചുപണികളും വരാനിരിക്കുന്ന ചർച്ചകളിൽ മേൽക്കൈ നേടാനുള്ള തന്ത്രമാണെന്നും, രാജ്യത്തിനുള്ളിലെ ഇന്റലിജൻസ് ചോർച്ച പരിഹരിക്കാതെ വലിയൊരു ആക്രമണത്തിന് ഇറാൻ മുതിരില്ലെന്നും ഒരു വിഭാഗം വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും പുതിയ പരമോന്നത നേതാവിന് കീഴിൽ ഇറാൻ തങ്ങളുടെ യുദ്ധ തന്ത്രങ്ങൾ ശക്തമാക്കുന്നത് മേഖലയിൽ വലിയ ആശങ്കയ്ക്കാണ് വഴിതുറക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group