ചിരട്ടക്കരിക്ക് പൊന്നുവില കയറ്റുമതി വരുമാനം ഇരട്ടിയിലേറെ
കൊച്ചി: തേങ്ങച്ചിരട്ടയില്‍ നിന്നുള്ള ആക്ടിവേറ്റഡ് കാർബണിന്റെ(ചിരട്ടക്കരി) കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് തങ്കത്തിളക്കം.
കയറ്റുമതി അളവില്‍ നേരിയ വർദ്ധന മാത്രമാണെങ്കിലും ആഗോള വിപണിയിലെ വിലക്കുതിപ്പിനാല്‍ വരുമാനം ഇരട്ടിയിലേറെ ഉയർന്നുവെന്ന് ഡയറക്‌ടറേറ്റ് ജനറല്‍ ഒഫ് കൊമേഴ്‌സ്യല്‍ ഇന്റലിജൻസ് ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ പ്രതികൂല കാലാവസ്ഥ മൂലം തേങ്ങ ഉത്പാതനം കുറഞ്ഞതോടെ അസംസ്‌കൃതസാധനങ്ങളുടെ ലഭ്യത കുറഞ്ഞു. ഇതോടെ ആക്‌ടിവേറ്റഡ് കാർബണിന്റെ ഉത്പാദനവും ഇടിഞ്ഞു. ആഗോള ആവശ്യം കൂടിയതാണ് വിലയില്‍ കുതിപ്പുണ്ടാക്കിയത്. സ്വർണ വില കൂടിയതിനാല്‍ ഖനനമേഖലയില്‍ ചിരട്ടക്കരിയുടെ ആവശ്യമേറി. കുടിവെള്ളത്തിലെ രാസവസ്തുക്കള്‍ നീക്കണമെന്ന യൂറോപ്പിലെയും അമേരിക്കയിലെയും നിയമങ്ങള്‍ കാരണം വാട്ടർ ഫില്‍ട്ടർ കമ്പനികള്‍ ചിരട്ടക്കരി വാങ്ങിക്കൂട്ടി. അസംസ്‌കൃത വസ്തുക്കളുടെ കുറവ് കാരണം ആക്ടിവേറ്റഡ് കാർബണ്‍ ഫാക്ടറികളില്‍ ഉത്പാദനം 50 മുതല്‍ 60% വരെ കുറഞ്ഞു. ഇതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്.
വർഷം :കയറ്റുമതി : വരുമാനം
2024-25: 1,76,436 ടണ്‍: 2,800 കോടി രൂപ
2025-26: 1,79,473 ടണ്‍: 4,689 കോടി രൂപ
ചിരട്ട കരിയാക്കുന്നത്
ഉണങ്ങിയ ചിരട്ട വായുസഞ്ചാരം നിയന്ത്രിച്ച ഡ്രമ്മുകളിലോ ചൂളകളിലോ കരിച്ചാണ് ചിരട്ടക്കരി നിർമ്മിക്കുന്നത്. വായുസാന്നിദ്ധ്യം പരിമിതപ്പെടുത്തി ഉയർന്ന താപനിലയില്‍ ചൂടാക്കുമ്പോള്‍ ഈർപ്പവും വാതകങ്ങളും പുറന്തള്ളും. കാർബണ്‍ അവശേഷിക്കും. ഇത് തണുപ്പിച്ച് കഷണങ്ങളാക്കും.
കർഷകർക്ക് ഗുണമില്ല
ചിരട്ടവിലക്കയറ്റത്തിന്റെ ഗുണം കൊപ്രമില്ലുകാർക്കും ഗാർഹിക ഉപഭോക്താക്കള്‍ക്കുമാണ്. കിലോഗ്രാമിന് 40 രൂപയ്ക്ക് വരെ ചിരട്ടയെടുക്കാൻ ആക്രിക്കച്ചവടക്കാർ വീട്ടുമുറ്റത്തെത്തുന്നുണ്ട്. തേങ്ങ വിറ്റ കർഷകർക്ക് ഇതിന്റെ ഗുണം കിട്ടുന്നില്ല.
Post a Comment