Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി


ശ്രീകാര്യത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

അനിലിനെ ഇന്ന് രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. വിരലടയാളം രേഖപ്പെടുത്തുന്നതിനായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലും എത്തിക്കും. ശ്രീകാര്യം പൊലീസാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞതെന്നാണ് വിവരം. പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ശ്രീകാര്യത്ത് വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് കോൺഗ്രസ് ജില്ലാ നേതാവ് കൂടിയായ ചെന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം കൈകാണിച്ച് വാഹനം നിർത്തിച്ചത്.

വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ, ‘മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് വി.ഡി. സതീശൻ പറഞ്ഞതായും അതിന് ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്ന് ചെന്തി അനിൽ മറുപടി നൽകിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായാണ് പൊലീസ് നടപടിയെന്ന് ചെന്തി അനിൽ ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് ചതയദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരുന്നതായും അവസാന നിമിഷം വരെ അദ്ദേഹം എത്തുമെന്ന് അറിയിച്ചിരുന്നതായും അനിൽ അവകാശപ്പെട്ടു.

പരിപാടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഉള്ളൂരിലെ ഒരു വിവാഹവീട്ടിലെത്തിയിട്ടും ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയില്ലെന്നാണ് അനിലിന്റെ ആരോപണം.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കൈകാണിച്ച് വാഹനം നിർത്തിച്ചപ്പോൾ അദ്ദേഹം കാറിൽനിന്ന് പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചതെന്നും അനിൽ പറഞ്ഞു. പരിപാടിയുടെ സംഘാടകർക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു

Post a Comment

أحدث أقدم
Join Our Whats App Group