Join News @ Iritty Whats App Group

ത്രിതല സർക്കാർ ആശുപത്രി സംവിധാനം തകരുമെന്ന് കെജിഎംഒഎയുടെ മുന്നറിയിപ്പ്: 'ആവശ്യത്തിന് ജീവനക്കാരില്ലാതെ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം നടപ്പാക്കരുത്'

ത്രിതല സർക്കാർ ആശുപത്രി സംവിധാനം തകരുമെന്ന് കെജിഎംഒഎയുടെ മുന്നറിയിപ്പ്: 'ആവശ്യത്തിന് ജീവനക്കാരില്ലാതെ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം നടപ്പാക്കരുത്'


തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ ആറു മാസത്തിനകം 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് കെജിഎംഒഎ. എന്നാൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാതെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടി. ആവശ്യത്തിന്ജീവനക്കാരില്ലാതെ ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തെ ത്രിതല പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കുമെന്ന് സംഘടന ഭാരവാഹികൾ ആശങ്ക പ്രകടിപ്പിച്ചു.

നൂറോളം ഡോക്ടർമാരുടെ സേവനമുള്ള മെഡിക്കൽ കോളേജ് വിഭാഗങ്ങളോട് മൂന്നോ നാലോ സ്പെഷ്യലിസ്റ്റുകൾ മാത്രമുള്ള ജില്ലാ-ജനറൽ ആശുപത്രികളെ താരതമ്യം ചെയ്യുന്നത് യുക്തിരഹിതമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. രാത്രി മുഴുവൻ അടിയന്തര ഡ്യൂട്ടി നോക്കുന്ന സ്പെഷ്യലിസ്റ്റുകൾ പകൽ സമയത്തെ ഒ.പി, ഐ.പി, തിയേറ്റർ ജോലികൾ കൂടി നിർവഹിക്കേണ്ടി വരുന്നത് ഡോക്ടർമാരുടെ ആരോഗ്യത്തെയും രോഗികളുടെ സുരക്ഷയെയും അപകടത്തിലാക്കും. അതിനാൽ കേവലം ഓൺ-കോൾ സംവിധാനത്തിലൂടെയോ നിലവിലെ ജീവനക്കാരെ വച്ചോ ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവില്ല. നിലവിൽ 800-ഓളം ഡോക്ടർമാരുടെ ഒഴിവുകളാണ് ആരോഗ്യവകുപ്പിലുള്ളത്. ഇതിനുപുറമെ കാസർഗോഡ്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ മാത്രം നൂറിലേറെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനുണ്ട്. അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവ് മൂലം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അത്യാഹിത വിഭാഗങ്ങളിൽ കൂടി ഡ്യൂട്ടി നോക്കേണ്ടിവരുന്നത് സ്പെഷ്യാലിറ്റി സേവനങ്ങളെ ബാധിക്കുന്നുണ്ട്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് ഇത്തരം ഒഴിവുകൾ അടിയന്തരമായി നികത്താൻ നടപടിയുണ്ടാകണം.

പുതിയ പദ്ധതിയുടെ പേരിൽ പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഡോക്ടർമാരെ പിൻവലിക്കുന്നത് ഗ്രാമീണ ജനതയ്ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങൾ നിഷേധിക്കുന്നതിനും പ്രാഥമിക-കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തകർച്ചയ്ക്കും വഴിവെക്കും. പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ശാസ്ത്രീയമായ 'ട്രയാജ്' സംവിധാനം കർശനമായി നടപ്പിലാക്കുകയും വേണം. അടിയന്തരമായി പുതിയ സ്പെഷ്യാലിറ്റി തസ്തികകൾ സൃഷ്ടിച്ചും പി.എസ്.സി വഴി നിയമനങ്ങൾ നടപ്പിലാക്കിയും സംഘടനയുമായി ചർച്ച ചെയ്ത് മാത്രമായിരിക്കണം സർക്കാർ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും പ്രസിഡന്റ് ഡോ. സുനിൽ പി. കെ, ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group