Join News @ Iritty Whats App Group

രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം; എബിവിപി-എൻ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി

രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം; എബിവിപി-എൻ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി


മുംബൈ: പൂണെയിലെ കോളേജിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് എ.ബി.വി.പി-എൻ.എസ്.യു.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജ് ഓഫ് എൻജിനീയറിങ് പൂണെ കാമ്പസിലാണ്(സിഒഇപി) വെള്ളിയാഴ്ച രാത്രി സംഘർഷമുണ്ടായത്. സംഘർഷത്തെത്തുടർന്ന് കാമ്പസിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.

വിദ്യാർഥികളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാനായി രാഹുൽ ​ഗാന്ധി നടത്തുന്ന 'ഛാത്രോം കി ​ഗുഞ്ച്' ക്യാമ്പയിനിന്റെ മുന്നോടിയായാണ് പൂണെയിലെ കോളേജിൽ ഇരുവിഭാ​ഗം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി എൻ.എസ്.യു.ഐ പ്രവർത്തകർ വിദ്യാർഥിനികളെ നിർബന്ധിച്ചതായാണ് എ.ബി.വി.പിയുടെ ആരോപണം. എന്നാൽ, പരിപാടിക്ക് പിന്തുണ അറിയിച്ച രണ്ട് വിദ്യാർഥിനികളെ എ.ബി.വി.പി പ്രവർത്തകർ ഹോസ്റ്റലിൽ തടഞ്ഞുവെച്ചതായും ഇവരെ ഭീഷണിപ്പെടുത്തിയതായും എൻ.എസ്.യു.ഐ- കോൺ​ഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.

വിവരമറിഞ്ഞ് മുതിർന്ന കോൺ​ഗ്രസ് നേതാവ് വിജയ് വാഡേദിവാർ അടക്കമുള്ളവർ രാത്രി കാമ്പസിലെത്തി. എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് പരാതി അറിയിക്കുകയും രാ​​ഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് പിന്തുണ അറിയിക്കുകയുംചെയ്ത രണ്ട് വിദ്യാർഥിനികളെയാണ് എ.ബി.വി.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് അക്ഷയ് ജയിനും ആരോപിച്ചു. അതേസമയം, എൻ.എസ്.യു.ഐ പ്രവർത്തകർ ഹോസ്റ്റലിലുള്ള വിദ്യാർഥിനികളെ നിർബന്ധിച്ച് പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചതായി എബിവിപി നേതാവ് അഥർവ് കുൽക്കർണിയും ആരോപിച്ചു. സംഘർഷത്തെത്തുടർന്ന് കാമ്പസിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group