Join News @ Iritty Whats App Group

വൈദ്യുതി ഉപഭോക്തൃ ശാക്തീകരണ പരിപാടി പരാതികൾ പരിഹരിക്കാൻ ഫലപ്രദമായ സംവിധാനങ്ങളുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി ഉപഭോക്തൃ ശാക്തീകരണ പരിപാടി   
പരാതികൾ പരിഹരിക്കാൻ ഫലപ്രദമായ സംവിധാനങ്ങളുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് 


ഇരിട്ടി: വൈദ്യുതി ഉപഭോക്താക്കളുടെ പരാതികൾ അറിയിക്കാനും അവയ്ക്ക് പരിഹാരം തേടാനും ഫലപ്രദമായ സംവിധാനങ്ങൾ നിലവിലുണ്ടെന്നും അവ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണമെന്നും വൈദ്യുതി–പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പരാതി ഉണ്ടായാൽ അത് എവിടെ, എങ്ങനെ അറിയിക്കണം, പരിഹാരം ലഭിക്കാത്തപക്ഷം അടുത്തതായി ഏത് സംവിധാനത്തെ സമീപിക്കണം തുടങ്ങിയ കാര്യങ്ങളിൽ ഉപഭോക്താക്കൾക്ക് വ്യക്തമായ ധാരണ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ആഭിമുഖ്യത്തിൽ ‘വൈദ്യുതി ഉപഭോക്തൃ പരാതി പരിഹാര ഫോറവും ഓംബുഡ്‌സ്മാനും – പരാതി പരിഹാര സംവിധാനങ്ങളും പരാതി സമർപ്പിക്കേണ്ട രീതിയും’ എന്ന വിഷയത്തിൽ ഇരിട്ടിയിൽ സംഘടിപ്പിച്ച ഉപഭോക്തൃ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം പല ഉപഭോക്താക്കൾക്കും തങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ഈ പശ്ചാത്തലത്തിൽ പരാതി എവിടെ നൽകണം, എങ്ങനെ നൽകണം, പരാതി പരിഹരിക്കപ്പെടാത്ത പക്ഷം അടുത്ത ഘട്ടത്തിൽ ആരെ സമീപിക്കണം തുടങ്ങിയ കാര്യങ്ങളിൽ പ്രായോഗിക ബോധവൽക്കരണം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 


ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ആർ സി കംപ്ലയൻസ് എക്സാമിനർ ടി.ആർ. ഭുവനേന്ദ്ര പ്രസാദ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബേബി തോലാനി, ഇരിട്ടി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. അബ്ദുൾ റഷീദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം, എം ജി കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ഹസീന, കെ എസ് ഇ ബി ചീഫ് എൻജിനീയർ ടി.എസ്. ജയശ്രീ എന്നിവർ പ്രസംഗിച്ചു. കെ എസ് ഇ ആർ സി കൺസ്യൂമർ അഡ്വക്കസി കൺസൽട്ടന്റ് ബി. ശ്രീകുമാർ വിഷയാവതരണം നടത്തി. ഉപഭോക്തൃ പരാതി പരിഹാര സംവിധാനങ്ങളുടെ ഘടന, പരാതി സമർപ്പിക്കേണ്ട രീതി, വിവിധ ഘട്ടങ്ങളിലെ സമയപരിധികൾ, സി ജി ആർ എഫിന്റെയും വൈദ്യുതി ഓംബുഡ്സ്മാന്റെയും അധികാരങ്ങളും നടപടിക്രമങ്ങളും അദ്ദേഹം വിശദീകരിച്ചു. പരിപാടിയിൽ വൈദ്യുതി ഉപഭോക്താക്കൾ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കെ എസ് ഇ ആർ സി ജൂനിയർ കൺസൽട്ടന്റ് രാംപ്രകാശ് കെ.വി. നന്ദി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group