കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ മെത്താംഫെറ്റമിൻ കടത്താൻ ശ്രമിച്ച കേസിൽ മറ്റൊരു പ്രധാന പ്രതികൂടി കൊച്ചിയിൽ പിടിയിൽ
കാക്കനാട് സ്വദേശിയായ പയ്യപ്പള്ളി ഹൗസിൽ അതുൽ ഡൊമിനിക് (26) ആണ് പിടിയിലായത്. ബാംഗ്ലൂർ–കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയൽ ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ഇരിട്ടി പൊലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായാണ് കേസ് അന്വേഷിച്ചത്.
ഇരിട്ടി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും കഴിഞ്ഞ 9ന് കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് നിർത്താതെ പോയ കാറിൽ വാഹനത്തിന്റെ അടിയിലായി രഹസ്യമായി മാഗ്നറ്റിക് ബോക്സിൽ സൂക്ഷിച്ച ലക്ഷങ്ങൾ വിലവരുന്ന 96 ഗ്രാം എം ഡി എം എ പിടികൂടിയത് . ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർ ആണ് അന്ന് അറസ്റ്റിലായത്. കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ഷമീം (45), കൊളച്ചേരി കമ്പിൽ ഹാനി ഹദാഷ് (26) എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യസൂത്രധാരനായ ഹാനി ഹദാഷിനെ ബംഗളൂരുവിൽ നിന്നുമാണ് പിടികൂടിയിരുന്നത്.
അറസ്റ്റിലായ ഈ പ്രതികളെ ചോദ്യം ചെയ്തതിൽനിന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ നിന്നുമാണ് അന്വേഷണസംഘം അതുൽ ഡൊമിനിക്കിലേക്ക് എത്തിയത്. തുടർന്ന് കാക്കനാട്, തൃക്കാക്കര മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
ഇരിട്ടി ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം എറണാകുളം ജില്ലയിലെ തൃക്കാക്കര പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതുൽ ഡൊമിനിക് നേരത്തെയും ലഹരിക്കേസിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. വയനാട് ജില്ലയിലെ വൈത്തിരി എക്സൈസ് റേഞ്ച് ഓഫിസിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ വൻ തോതിൽ കടത്തിയ കേസിലും ഇയാൾ പ്രതിയാണ്. പ്രസ്തുത കേസിൽ നിലവിൽ വിചാരണ നടപടികൾ നേരിടുകയാണ് ഇയാൾ . അറസ്റ്റിലായ പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളും അന്തർസംസ്ഥാന, അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായുള്ള ബന്ധവും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഇരിട്ടി പൊലീസ് അറിയിച്ചു.
ഇരിട്ടി ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.
إرسال تعليق