ഹോർമുസ് പ്രതിസന്ധിയിൽ ട്രംപിന്റെ കടുത്ത നിലപാട്; ഇറാനുമായി ചർച്ചയില്ല, ഒമാനും മുന്നറിയിപ്പ്
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചർച്ചകൾക്ക് തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയപ്പോൾ, ഹോർമുസ് കടലിടുക്ക് തുറക്കണമെങ്കിൽ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണമെന്നാണ് ഇറാന്റെ നിലപാട്.
ഹോർമുസിലെ പ്രതിസന്ധി നീളുന്നത് ആഗോള എണ്ണവിപണിയിലും പ്രതിഫലിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 91 ഡോളർ കടന്നു. ഗൾഫ് മേഖലയ്ക്ക് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലെ എണ്ണ ശേഖരം പത്തിരട്ടിയായി വർധിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അമേരിക്കയും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. ഒമാനുമായി ധാരണയിലെത്തുന്നതിനോട് അടുക്കുകയാണെന്ന് നേരത്തെ ഇറാനിയൻ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഒമാനെതിരെ ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകിയത്. ഹോർമുസ് തുറക്കാനുള്ള ഒമാന്റെ നീക്കങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് വിരുദ്ധമായാൽ ബോംബാക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. തെക്കൻ ഭാഗത്ത് ഹോർമുസുമായി അതിർത്തി പങ്കിടുന്ന ഒമാൻ സംഘർഷത്തിൽ നിഷ്പക്ഷ നിലപാടാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഒമാനെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് ഒന്നിലധികം ആക്രമണങ്ങളും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഒമാൻ ഇറാനുമായി നിർണായക ചർച്ചകൾ തുടരുന്നത്.
إرسال تعليق