ഇവിഎമ്മിനെക്കുറിച്ച് പരാതി ഒഴിവാക്കാന്‍ ബങ്കിപ്പൂരിലും ദാതിയയിലും ബിജെപി മനഃപൂര്‍വം തോറ്റുകൊടുത്തു: അഖിലേഷ് യാദവ്
ലഖ്നൗ: ബിഹാറിലെ ബങ്കിപ്പൂരിലും മധ്യപ്രദേശിലെ ദതിയയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റത് മനഃപൂർവമാണെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യാനാകില്ലെന്ന് വരുത്തിത്തീർക്കാനും, വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ ചെറുക്കാനുമാണ് ഭരണകക്ഷി ഈ തന്ത്രം പുറത്തെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ജനേശ്വർ മിശ്രയുടെ ജന്മദിനത്തോടനുബന്ധിച്ച് ലഖ്നൗവില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇവിഎമ്മിന്റെ വിശ്വാസ്യതയില്‍ സംശയങ്ങളുനന്നയിച്ച് അദ്ദേഹം സംസാരിച്ചത്.
"ക്രമക്കേടുകള്‍ നടത്താതെ തെരഞ്ഞെടുപ്പുകളില്‍ ജയിക്കാൻ കഴിയുമോ എന്നാണ് ബങ്കിപ്പൂരിലും ദതിയയിലും ബിജെപി നോക്കിയത്. ഉത്തർപ്രദേശിലോ പശ്ചിമ ബംഗാളിലോ പ്രയോഗിച്ച തെരഞ്ഞെടുപ്പ് 'മോഡല്‍' അവർ ഇവിടെ നടപ്പിലാക്കിയില്ല, പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ ദുർബലപ്പെടുത്താനും ഇവിഎമ്മുകളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയർത്തുന്നത് തടയാനുമുള്ള ബിജെപിയുടെ തന്ത്രമാണിത്"- അഖിലേഷ് യാദവ് ആരോപിച്ചു. ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തില്‍ ബിജെപിയെ പരിഹസിച്ചുകൊണ്ട്, ഭരണകക്ഷിയിലെ നേതാക്കള്‍ തന്നെ ആ തോല്‍വി ആഘോഷിക്കുകയാണെന്നും യാദവ് അവകാശപ്പെട്ടു.
''ബങ്കിപ്പൂർ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം ബിജെപി നേതാക്കള്‍ തന്നെ സ്വന്തം സഹപ്രവർത്തകർക്കിടയില്‍ മധുരം വിതരണം ചെയ്യുകയാണ്. കാത്തിരുന്നു കാണൂ, തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഉത്തർപ്രദേശ് സർക്കാരിലിരിക്കുന്ന എല്ലാവരും മിഠായിപ്പട്ടികളുമായി നടന്ന് അത് സ്വീകരിക്കാൻ ആരോടെങ്കിലും അപേക്ഷിക്കും. എന്നാല്‍ സമാജ്‌വാദി പാർട്ടി പ്രവർത്തകർ അവരില്‍ ഒരാളെപ്പോലും ഞങ്ങളുടെ കൂട്ടത്തിലേക്ക് എടുക്കില്ല''- അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടി സ്ഥാനാർഥിയും, ദതിയയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയുമാണ് വിജയിച്ചത്. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്ന് സ്ഥാപിക്കാനുള്ള ബിജെപിയുടെ നാടകമാണിതെന്ന് ആരോപിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയത്. ഇതില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ പ്രശാന്ത് കിഷോര്‍ പിടിച്ചെടുത്തത്. ദാതിയ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്.
Post a Comment