ജെൻസീകളെ കണ്ണടച്ച് വിശ്വസിക്കുന്നു, എല്ലാ പ്രക്ഷോഭങ്ങളും ദേശവിരുദ്ധമെന്ന് മുദ്രകുത്തരുത്- ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
ന്യൂഡൽഹി: ഇന്ത്യയിലെ യുവതലമുറയിൽ തനിക്ക് പൂർണമായ വിശ്വാസമുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജെൻസീകളെ താൻ കണ്ണടച്ച് വിശ്വസിക്കുന്നതായും മികച്ച സംവിധാനങ്ങൾക്കായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജന്തർമന്തറിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഭവങ്ങളുടെ സാഹചര്യമെന്താണെന്ന് കൃത്യമായി തനിക്കറിയില്ലെന്നും പക്ഷേ, യുവതലമുറയിലുള്ള തന്റെ വിശ്വാസം അചഞ്ചലമായി തുടരുകയാണെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
താൻ ജെൻസീയെ കണ്ണടച്ച് വിശ്വസിക്കും. ചർച്ചകളിലൂടെ സമവായത്തിൽ എത്താനുള്ള മാർഗമാണ് ജനാധിപത്യം. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒട്ടേറെകാര്യങ്ങൾ മെച്ചപ്പെടാനുണ്ട്. പരാതികൾ ന്യായമാണ്. അതിനാൽ സംവാദങ്ങൾക്ക് പ്രധാന്യമുണ്ട്. മുൻതലമുറകൾ അധികാരികളെ ചോദ്യംചെയ്തിരുന്നില്ല. പക്ഷേ, ജെൻസീകളും ജെൻ ആൽഫയും അധികാരികളെ ചോദ്യംചെയ്യുന്നു. അവർ യുക്തിപരമായ മറുപടികളാണ് ആഗ്രഹിക്കുന്നത്. ജെൻസീകൾ പ്രതിഷേധിക്കരുതെന്ന് താൻ ഒരിക്കലും പറയില്ല. ജനാധിപത്യത്തിൽ അതിനും വഴിയുണ്ടാകണം. യുവാക്കൾ ശബ്ദമുയർത്തുന്നത് എതിർക്കാനല്ല കാര്യങ്ങൾ കൂടുതൽ മെച്ചപ്പടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രക്ഷോഭങ്ങളെയും രാജ്യവിരുദ്ധമെന്ന് മുദ്രകുത്തരുതെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. ജനങ്ങൾ തെരുവിലിറങ്ങിയതുകൊണ്ട് മാത്രം ഒരു പ്രതിഷേധം രാജ്യവിരുദ്ധമാകില്ലെന്നും വിയോജിപ്പുകളും നവീകരണത്തിനായുള്ള ആവശ്യങ്ങളും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
إرسال تعليق