‘ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദങ്ങൾക്ക് കോൺഗ്രസ് വഴങ്ങുന്നു’; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ
മുഖ്യമന്ത്രി വിഡി സതീശൻ തീവ്രമത സംഘടനകളുടെ സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദങ്ങൾക്ക് കോൺഗ്രസ് വഴങ്ങുകയാണെന്നും ഭരണകാര്യങ്ങളിലും ആശയപരമായും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പി.എം. ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ പിന്നോട്ടുപോകുന്നതിന് ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മർദമാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
വന്ദേമാതരം ആലപിക്കുന്നതിലും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് വ്യത്യസ്ത നിലപാടാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ വന്ദേമാതരം ആലപിച്ചിട്ടും വി.ഡി. സതീശൻ അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മാത്രം ഇത്തരം വ്യത്യാസം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി ബന്ധം ആരോപിച്ച സതീശൻ, ഇ.ഡി അന്വേഷണം സജീവമായിരിക്കുമ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇ.ഡി അന്വേഷണം രാഷ്ട്രീയപ്രേരിതമല്ലെന്നും ആരോപണങ്ങൾ നേരിടുന്നവർ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു. പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്ത് തുടരാൻ ധാർമികമായി അർഹനല്ലെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ ഉണ്ടായിരുന്ന ആവേശം ഇപ്പോൾ എന്തുകൊണ്ടാണ് പാർട്ടിക്ക് ഇല്ലാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. റിയാസിനെതിരായ അന്വേഷണത്തിൽ സിപിഎമ്മിന്റെ സൈബർ പ്രവർത്തകർ പോലും പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
إرسال تعليق