ആറളം പഞ്ചായത്തിൽ മഞ്ഞപിത്തം പടർന്നു പിടിക്കുന്നു
ഇരിട്ടി : ആറളം പഞ്ചായത്തിൽ മഞ്ഞപിത്തം പടർന്നു പിടിക്കുന്നു. പഞ്ചായത്തിലെ 19 വാർഡുകളിൽ 18 വാർഡുകളിലും രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ക്ലോറിനേഷൻ നടത്താൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു.
44 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ രണ്ട് പേർ ആസ്പത്രിയിൽ ചികിത്സയിലാണ്. വെളിമാനം സ്വദേശി വെട്ടിക്കാട്ടിൽ സന്തോഷ് ആന്റണി (45) ആണ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരണമടഞ്ഞത്.
പഞ്ചായത്തിലെ കീഴ്പ്പള്ളി സാമൂഹ്യരോഗ്യകേന്ദ്രത്തിന് കീഴിൽ 34 പേർക്കും ആറളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ 10 പേർക്കും രോഗം ബാധിച്ചു. രോഗബാധിതരിൽ എല്ലാവരും യുവാക്കളാണ്. പഞ്ചായത്തിലെ എടപ്പുഴ വാർഡിൽ എട്ടു പേർക്കാണ് രോഗം ബാധിച്ചത്. മറ്റ് എല്ലാ വാർഡുകളിലും രണ്ടും മൂന്നൂം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. എങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു .
വാർഡ് തലത്തിൽ എല്ലാ വീടുകളിലും കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ ആരംഭിച്ചു . പഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. വാർഡ് തല ഇൻറർ സെക്ടർ യോഗവും മൈക്ക് അനൗൺസ്‌മെൻറ് ഉൾപ്പെടെ ബോധവൽക്കരണ പരിപാടികൾ നടത്താൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു . വാർഡ് ജനപ്രതിനിധികളുടെ നേതൃത്തത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച . കുടിവെള്ള ടാങ്ക് ക്ലീനിങ്ങ് , ക്ലോറിനേഷൻ എന്നിവ പാലിക്കാത്തവർക്ക് എതിരെയും രോഗബാധിതരും കുടുംബാംഗങ്ങളും പൊതുജങ്ങളുമായി ഇടപഴകുന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനാരോഗ്യ നിയമപ്രകാരം ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു . ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ ഡോ. ജെയ്മി തോമസ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷി ഫിലിപ്പ് അറിയിച്ചു.
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം
രോഗ ലക്ഷണങ്ങളായ ശരീര വേദന, ഓക്കാനം, ഛർദ്ദി, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു . രോഗം സ്ഥിരീകരിച്ചാൽ വീട്ടിനുള്ളിൽ തന്നെ മൂന്നാഴ്ച പൂർണ്ണവിശ്രമം എടുക്കണം. രോഗബാധിതർ പൊതുപരിപാടികളിൽ പങ്കെടുക്കരുത് പൊതുജനങ്ങളുമായി യാതൊരുവിധ സമ്പർക്കവും വീടുകളിലേക്ക് പാടില്ല. ബന്ധുക്കൾ ഉൾപ്പെടെ വീടുകളിൽ എത്തുന്നതും പൂർണ്ണമായും ഒഴിവാക്കണം എന്നും അധികൃതർ അറിയിച്ചു . കീഴ്പ്പള്ളി ,ആറളം ഫാം ഗവർമെന്റ് ആശുപത്രികളിൽ ചികിത്സ, പരിശോധന സൗകര്യം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. രോഗം വന്ന് മാറിയൽ മദ്യപാനം പൂർണ്ണമായും ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ഒഴിവാക്കുക, മലമൂത്രത്തിന് ശേഷവും ഭക്ഷണത്തിന് മുമ്പും കൈകൾ സോപ്പിട്ടു കഴുകുക, ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി ഉപയോഗിക്കുക, കടകളിൽ ജ്യൂസ്, ലൈം നൽകുന്നതിന് മിനറൽ വാട്ടർ ഉപയോഗിക്കുക, രോഗബാധിതർ, കുടുംബാംഗങ്ങൾ എന്നിവർ ജോലികളിൽ നിന്നും ലീവ് എടുത്ത് മാറി നിൽക്കുക, സ്‌കൂളുകളിൽ കുട്ടികൾ ഭക്ഷണം ഷെയർ ചെയ്ത് കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കുക, കുടിവെള്ളം വീടുകളിൽ നിന്ന് തന്നെ കൊണ്ടു വരിക. രോഗം റിപ്പോർട്ട് ചെയ്താൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾക്കൊപ്പം പൊതുജനങ്ങൾ പങ്കെടുക്കുന്ന എല്ലാ ആഘോഷ പരിപാടികൾക്കും ആരോഗ്യവകുപ്പിന്റെ അനുമതി വാങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Post a Comment