Join News @ Iritty Whats App Group

സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 801.37 കോടി രൂപ, വീണ്ടെടുത്ത് 185.85 കോടി രൂപ; വീണ്ടെടുക്കുന്ന തുകയിൽ വർധന

സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 801.37 കോടി രൂപ, വീണ്ടെടുത്ത് 185.85 കോടി രൂപ; വീണ്ടെടുക്കുന്ന തുകയിൽ വർധന


കൊച്ചി: സൈബർ തട്ടിപ്പിലൂടെ കൈവിട്ട പണം തിരിച്ചുപിടിക്കുന്നതിൽ കേരളത്തിൽ ആശ്വാസകരമായ വർധന. തട്ടിപ്പ് സംഘങ്ങളുടെ കൈവശമെത്തും മുമ്പ് പണം മരവിപ്പിക്കാനുള്ള നടപടികൾ കൂടുതൽ ഫലപ്രദമാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2025 ജൂൺ മുതൽ 2026 മേയ് വരെ സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പുകളിലൂടെ 801.37 കോടി രൂപ നഷ്ടമായപ്പോൾ, അതിൽ 185.85 കോടി രൂപ തട്ടിപ്പ് സംഘങ്ങളുടെ കൈവശമെത്താതെ മരവിപ്പിക്കാൻ കഴിഞ്ഞു. കുറ്റവാളികളുടെ അക്കൗണ്ടുകളിൽ ഇത്തരത്തിൽ മരവിപ്പിക്കുന്ന തുക പിന്നീട് കോടതി നിർദേശ പ്രകാരം ഇരകൾക്ക് നൽകുകയാണ് ചെയ്യുന്നത്

ദേശീയതലത്തിൽ മുമ്പ് സൈബർ തട്ടിപ്പുകളിലൂടെ നഷ്ടമാകുന്ന മൊത്തം തുകയുടെ 10 മുതൽ 15 ശതമാനം വരെയാണ് തിരിച്ച് പിടിക്കാനോ മരവിപ്പിക്കാനോ കഴിഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം മെയ് വരെ കേരളത്തിൽ 44,653 കേസുകളിലായി 801 കോടി രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. 118 കോടി രൂപ നഷ്ടമായ എറണാകുളം നഗര പരിധിയിൽ മാത്രം 25.05 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്.

സൈബർ തട്ടിപ്പുകളെ കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം വർധിച്ചതും പരാതികളിൽ നടപടികൾ വേഗത്തിലാക്കിയതുമാണ് പണം നഷ്ടപ്പെടുന്നത് കുറയ്ക്കാൻ സഹായകമായത്. തട്ടിപ്പിനിരയായാൽ ആദ്യ ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകുന്നത് നിർണായകമാണ്. ഈ സമയത്തിനുള്ളിൽ പരാതിപ്പെട്ടാൽ നടപടികൾ വേഗത്തിലാക്കാനും നഷ്ടപ്പെട്ട പണം പരമാവധി തിരിച്ചുപിടിക്കാനും കഴിയുമെന്ന് സൈബർ പൊലീസ് പറയുന്നു.

തട്ടിപ്പുകൾ തടയുന്നതിനുള്ള സംവിധാനങ്ങളും ഇതിനൊപ്പം ശക്തമാക്കിയിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സൈബർ പൊലീസ് വിഭാഗം വിവിധ പൊതുമേഖലാ - സ്വകാര്യ ബാങ്കുകളിലെ പ്രതിനിധികളുമായി ചേർന്നുള്ള നിരീക്ഷണ സംവിധാനമാണ് ശക്തിപ്പെടുത്തിയത്.

തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനും ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി പൊലീസിന്റെയും ബാങ്കുകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ജോയിന്റ് സൈബർ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള തട്ടിപ്പുകൾക്കെതിരെ നടപടിയെടുക്കുന്നതിനായി ജോയിന്റ് കോ - ഓർഡിനേഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group