Join News @ Iritty Whats App Group

ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ​ഗുരുവായൂരിൽ നടന്നത് 416 വിവാഹങ്ങൾ; വിവാഹചരിത്രം തിരുത്തിക്കുറിച്ച് ​ഗുരുപവനപുരി ​

ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ​ഗുരുവായൂരിൽ നടന്നത് 416 വിവാഹങ്ങൾ; വിവാഹചരിത്രം തിരുത്തിക്കുറിച്ച് ​ഗുരുപവനപുരി ​


തൃശൂര്‍: വിവാഹ ചരിത്രം തിരുത്തിക്കുറിച്ച് ഗുരുപവനപുരി. ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച 416 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയില്‍ നടന്നത്. പുലര്‍ച്ചെ 4.10ന് ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ചതോടെയാണ് വിവാഹങ്ങള്‍ തുടങ്ങിയത്. മംഗളവാദ്യത്തിന്റെ അകമ്പടിയില്‍ കണ്ണൂര്‍ തലശേരി സ്വദേശി ആര്‍ണവ് മോഹന്‍ കുമാര്‍ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാര്‍ത്തി. തുടര്‍ന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങള്‍ തുടങ്ങി.

ചിങ്ങത്തിലെ ആദ്യത്തെ ഞായറാഴ്ചയിലെ തിരക്ക് മുന്‍കൂട്ടി കണ്ട് കൃത്യമായ ആസൂത്രണമാണ് ദേവസ്വം നടത്തിയിരുന്നത്. നഗരസഭയും പോലീസും ഫയര്‍ഫോഴ്‌സും അടക്കമുള്ള എല്ലാ സംവിധാനങ്ങളെയും ക്രോഡീകരിച്ച് ദിവസങ്ങളായി ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 200 ഓളം പോലീസുകാരെയാണ് ക്ഷേത്രനഗരിയില്‍ വിന്യസിച്ചിരുന്നത്. മോഷണങ്ങളും അനിഷ്ട സംഭവങ്ങളും തടയുന്നതിനായി മഫ്തി പോലീസിനെയും നിയോഗിച്ചിരുന്നു.

നഗരത്തില്‍ യാതൊരു തരത്തിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിട്ടില്ല. ദര്‍ശനം, ചോറൂണ്‍, പ്രസാദഊട്ട് എന്നിവയ്ക്ക് തിരക്ക് കുറവായിരുന്നു. വിവാഹ തിരക്ക് മുന്‍കൂട്ടി കണ്ട് ഭക്തര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.

444 വിവാഹങ്ങളാണ് തിങ്കളാഴ്ച്ചത്തേക്ക് (ഓ​ഗസ്റ്റ് 24) ശീട്ടാക്കിയിരുന്നത്. ഇതില്‍ 28 എണ്ണം ഒഴിവായി. സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍രാജ് ദേശമുഖ്, ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍, ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ്, ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എസ്. സുബ്രമണി, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍മാരായ എസ്. സുനില്‍കുമാര്‍, കെ.എസ്. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരക്ക് നിയന്ത്രിച്ചത്.

സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറും ഗുരുവായൂരിലെത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചിങ്ങമാസത്തിലെ വിവാഹത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രനഗരിയില്‍ സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ഇതിനായി 120 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. വിവാഹത്തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group