ഇനിയും വില കൂടും, 40 കഴിഞ്ഞവര്‍ പഞ്ചസാര ഒഴിവാക്കണം; വിലക്കയറ്റത്തില്‍ ന്യായീകരണവുമായി ബിജെപി മന്ത്രി കൈലാഷ് വിജയ് വര്‍ഗീയ
പഞ്ചസാരയുടെ വില വർധനവിനെ ന്യായീകരിച്ച് മധ്യപ്രദേശ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കൈലാഷ് വിജയ്‌വർഗിയ. പഞ്ചസാരയ്ക്ക് വില കൂട്ടണം. കുട്ടികൾക്കായി സർക്കാർ ന്യായവില ഷോപ്പുകളിൽ മാത്രം പഞ്ചസാര കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണമെന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി പറഞ്ഞത്. ഉത്സവസീസണിൽ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരാൻ വഴിയൊരുക്കുന്നതു വഴി 36,000 കോടി രൂപയുടെ അഴിമതിയാണു നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പഞ്ചസാര വില ന്യായീകരണം.
പൂഴ്ത്തിവയ്പ്പുകാർക്കും കരിഞ്ചന്തക്കാർക്കും മോദി സർക്കാർ ഒത്താശ ചെയ്യുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 40 വയസ്സു കഴിഞ്ഞവർ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്ന് മധ്യപ്രദേശിലെ മന്ത്രി കൈലാഷ് വിജയ്‌വർഗിയയുടെ പരാമർശങ്ങൾ. 90% ആളുകൾക്കും മധുരം ഇഷ്ടമല്ലെന്നും വിജയ്‌വർഗിയ പൊതുയോഗത്തിൽ പറഞ്ഞു. താൻ തീരെ മധുരം കഴിക്കാറില്ലെന്നും ബിജെപി മന്ത്രി പറഞ്ഞു.
പഞ്ചസാര ക്ഷാമം സംബന്ധിച്ച വിവരം ഏപ്രിലിൽ തന്നെ സർക്കാരിനു ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നതടക്കം ആക്ഷേപങ്ങൾ കോൺഗ്രസ് ഉയർത്തുന്നുണ്ട്. 45 രൂപയിൽ നിന്നാണു പഞ്ചസാര വില 75 രൂപയിലേക്കുയർന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് ചൂണ്ടിക്കാണിച്ചു. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് 1.2 കോടി ടൺ പഞ്ചസാര ഉപയോഗിക്കുമെന്നാണു കണക്ക്. വിലക്കയറ്റം മുതൽ കിലോയ്ക്ക് കുറഞ്ഞത് 30 രൂപയെങ്കിലും അധികം നൽകേണ്ട സാഹചര്യമായി. ഉപഭോക്താക്കളുടെ മേൽ 36,000 കോടി രൂപയുടെ അധികഭാരമാണ് ഇതു സൃഷ്ടിക്കുന്നത്. പൂഴ്ത്തിവയ്പ്പുകാർക്കും കരിഞ്ചന്തക്കാർക്കുമാണ് ഇതിന്റെ ഗുണഫലം നേരിട്ടു ലഭിക്കുകയെന്നും സുർജേവാല ആരോപിച്ചു.
Post a Comment