Join News @ Iritty Whats App Group

'ബിജെപിയുടെ 30 വർഷത്തെ ശക്തികേന്ദ്രം വെറും 30 ദിവസംകൊണ്ട് തകർത്തു'; ഈ വിജയം ബിജെപി നേതാക്കൾക്കുള്ള സന്ദേശമെന്ന് പ്രശാന്ത് കിഷോർ

'ബിജെപിയുടെ 30 വർഷത്തെ ശക്തികേന്ദ്രം വെറും 30 ദിവസംകൊണ്ട് തകർത്തു'; ഈ വിജയം ബിജെപി നേതാക്കൾക്കുള്ള സന്ദേശമെന്ന് പ്രശാന്ത് കിഷോർ


പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയതിന് പിന്നാലെ ബിജെപിയെ പരിഹസിച്ചു ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോർ. ബിജെപിയുടെ 30 വർഷത്തെ ശക്തികേന്ദ്രം വെറും 30 ദിവസംകൊണ്ട് താൻ തകർത്തുവെന്ന് പ്രശാന്ത് കിഷോർ പ്രതികരിച്ചു. തൻ്റെ തെരഞ്ഞെടുപ്പ് വിജയം, ബിഹാറിൽ നല്ലൊരു വ്യക്തിയെ മുഖ്യമന്ത്രിയാക്കണം എന്ന ബിജെപി നേതൃത്വത്തിനുള്ള സന്ദേശമാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

"ഇത് ഒരു എംഎൽഎയെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പല്ല, മറിച്ച് ബിഹാറിൽ നല്ലൊരു വ്യക്തിയെ മുഖ്യമന്ത്രിയാക്കണം എന്ന സന്ദേശം ബിജെപിയുടെ ഉന്നത നേതൃത്വത്തിന് നൽകാനുള്ളതാണ്. അങ്ങനെയാണെങ്കിൽ ബിഹാറിൽ വിദ്യാഭ്യാസവും തൊഴിലും ഉണ്ടാകും, ജനങ്ങൾ ഈ സന്ദേശമാണ് നൽകിയത്. വോട്ട് ചെയ്തവർക്ക് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു, വോട്ട് ചെയ്യാത്തവരെ കുടെ വിജയിപ്പിക്കാൻ ഞാൻ ശ്രമിക്കും. എന്നാൽ ബിഹാറിന് നല്ലൊരു നേതൃത്വം ലഭിക്കുക എന്നത് പ്രധാനമാണ്. ഇവിടെ നിന്നുള്ള കുടിയേറ്റം അവസാനിക്കണം"- പ്രശാന്ത് കിഷോർ പറഞ്ഞു.

ബങ്കിപൂരിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും കിഷോർ പറഞ്ഞു. അടുത്ത രണ്ടുമൂന്ന് മാസങ്ങൾക്കുള്ളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങും. വലിയ വാഗ്ദാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ബങ്കിപൂരിലെ ജനങ്ങൾ ബിജെപി നേതൃത്വത്തിന് വ്യക്തമായ ഒരു സന്ദേശം നൽകിയിട്ടുണ്ട്: ബിഹാറിൽ നല്ലൊരു വ്യക്തിയെ മുഖ്യമന്ത്രിയായി നിയമിക്കണമെന്നും പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു.

ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന ബങ്കിപ്പൂരിൽ പത്തൊമ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ വിജയിച്ചത്. സിറ്റിങ് എംഎൽഎയായിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ബങ്കിപ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. അഞ്ച് തവണ നിതിൻ നബീൻ വിജയിച്ചുകയറിയ മണ്ഡലത്തിൽ 2025ൽ 50,000ത്തിലധികം വോട്ടുകൾക്കായിരുന്നു നിതിൻ നബീൻ്റെ വിജയം. ഇക്കുറി ബിജെപിക്കായി നീരജ് കുമാർ സിൻഹ ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ആദ്യം നിശ്ചയിച്ച സ്ഥാനാർത്ഥിയെ മാറ്റിയാണ് ബിജെപി നീരജ് കുമാറിനെ മത്സരിപ്പിച്ചത്.

അതേസമയം മണ്ഡലം രൂപീകൃതമായതുമുതൽ ബങ്കിപ്പൂരിൽ വിജയിച്ചുവന്ന ബിജെപിക്ക് ഇത്തവണത്തെ തോൽവി കനത്ത തിരിച്ചടിയാണ്. നീറ്റ് പ്രതിഷേധങ്ങൾക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വന്തം തട്ടകത്തിൽ കാലിടറിയത് ഇരട്ടി പ്രഹരമായി.

Post a Comment

أحدث أقدم
Join Our Whats App Group