ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് ഐഷി ഘോഷ്, 'ജെൻസി സമരം പെട്ടന്നുണ്ടായതല്ല, 12 വർഷത്തെ കേന്ദ്ര അടിച്ചമർത്തലിനെതിരായ പ്രക്ഷോഭം'
തിരുവനന്തപുരം: ഡി വൈ എഫ് ഐയുടെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ ആർ എസ് എസിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ജെ എൻ യു മുൻ യൂണിയൻ പ്രസിഡന്റും എസ് എഫ് ഐ ദേശീയ നേതാവുമായ ഐഷി ഘോഷ്. ഭീതിയിൽ നിന്നുള്ള മോചനവും കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ അവകാശങ്ങൾ ഉറപ്പാക്കലുമാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്ന് ഐഷി ഘോഷ് പറഞ്ഞു. 79 വർഷം മുൻപ് രാജ്യം നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. പുന്നപ്ര-വയലാർ സമരം ഉൾപ്പെടെയുള്ള കേരളത്തിലെ സമരങ്ങളടക്കം ചൂണ്ടിക്കാട്ടിയ ഐഷി, കൂട്ടായ പ്രവർത്തനങ്ങളുടെയും സമരങ്ങളുടെയും ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും വിവരിച്ചു. എന്നാൽ ആർ എസ് എസിന്‍റെ നേതൃത്വത്തിൽ ഇതെല്ലാം തകർക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെതിരായ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന ജെൻസി സമരം പെട്ടന്ന് ഉണ്ടായ ഒരു സംഭവം അല്ല. കഴിഞ്ഞ 12 വർഷത്തെ കേന്ദ്ര സർക്കാരിന്‍റെ അടിച്ചമർത്തലുകൾക്ക് എതിരെ ഉള്ള പ്രക്ഷോഭമായിരുന്നു അതെന്നും സമരത്തിൽ സജീവമായി പങ്കെടുത്ത ഐഷി ഘോഷ് വിവരിച്ചു. ഡി വൈ എഫ് ഐ കോവളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സംഘടിപ്പിച്ച 'യങ് ഇന്ത്യ' പരിപാടിയിലായിരുന്നു ആർ എസ് എസിനും കേന്ദ്ര സർക്കാരിനുമെതിരായ എസ് എഫ് ഐ നേതാവിന്‍റെ വിമർശനം.
കേരള മോഡൽ രാജ്യത്തിന് മാതൃക
മതേതരത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന കേരള മോഡൽ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഐഷി ഘോഷ് അഭിപ്രായപ്പെട്ടു. ബി ജെ പിയും ആർ എസ് എസും രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും ഉമർ ഖാലിദ് അടക്കമുള്ള നിരവധി വിദ്യാർത്ഥികൾ ജയിലിൽ കഴിയുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. യുവജനങ്ങൾക്ക് ജോലി, സാമൂഹിക സാഹചര്യം ഒരുക്കലും സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. കർഷകരെ ചൂഷണം ചെയ്യുന്ന ഭരണകൂടത്തെ തിരിച്ചറിയണം. ന്യായമായ കൂലി കിട്ടേണ്ട കർഷകരുടെ സ്വാതന്ത്ര്യം, സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം ഇതെല്ലാം രാജ്യത്ത് നടപ്പിലായോ എന്നും ഐഷി ചോദിച്ചു. കർഷകരെയും യുവാക്കളെയും ചൂഷണം ചെയ്യുന്ന ഭരണകൂടത്തെ പ്രതിരോധിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
'ആസാദി' എന്ന വാക്കുകൊണ്ട് ശരിക്കും അർത്ഥമാക്കുന്നത് ബ്രിട്ടീഷുകാരിൽ നിന്ന് മാത്രമുള്ള സ്വാതന്ത്ര്യമല്ല. ഭീതിയിൽ നിന്നുള്ള മോചനമാണ് യഥാർഥ സ്വാതന്ത്ര്യം. അതിലേക്കാണ് രാജ്യം എത്തേണ്ടത്. ആർ എസ് എസിന് ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ചരിത്രമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന സന്ദേശത്തിന്‍റെ ഭാഗമായി പറഞ്ഞ 'ദിമാഗി നക്സൽ' പരാമർശം രാജ്യത്തെ സ്വതന്ത്ര ചിന്താഗതിക്കാരായ യുവാക്കളെ അപമാനിക്കുന്നതാണെന്നും ഐഷി ഘോഷ് ചൂണ്ടിക്കാട്ടി. ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും സാവിത്രി ഭായ് ഫൂലെയുടെ പിൻഗാമികളാണ് തങ്ങളെന്നും ഐഷി ഘോഷ് പറഞ്ഞു. ദില്ലി ജന്തർ മന്ദിറിൽ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം ഒപ്പം നിന്ന കാര്യമടക്കം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നും ഐഷിയുടെ പ്രസംഗം.
Post a Comment