'ആയിരം യുവതീ യുവാക്കളിൽ വെറും 12 പേർക്ക് മാത്രമാണ് സ്ഥിരം ജോലി'; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
പ്രയാഗ്‌രാജ്: രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആയിരം യുവതീ യുവാക്കളിൽ വെറും 12 പേർക്ക് മാത്രമാണ് സ്ഥിരമായ ഒരു ജോലി ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സോഷ്യൽ മീഡിയയ്ക്ക് അടിമകളാക്കി യുവാക്കളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിതെറ്റിക്കുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ യഥാർത്ഥ ശക്തി 40 കോടി വരുന്ന ഊർജസ്വലരായ യുവജനങ്ങളാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന 'ഛാത്രോൻ കി ഗൂഞ്ച്' എന്ന വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
"ഞാൻ നിങ്ങൾക്ക് കണക്കുകൾ തരാം. ഓരോ 1000 ചെറുപ്പക്കാരിലും വെറും 12 പേർക്കാണ് സ്ഥിരം ജോലി കിട്ടുന്നത്. 150 ചെറുപ്പക്കാരിൽ ഒരാൾക്ക് മാത്രമാണ് സർക്കാർ ജോലി കിട്ടുന്നത്. നിങ്ങളുടെ ഡാറ്റയാകട്ടെ, നിങ്ങളിൽ നിന്ന് തട്ടിയെടുത്ത് ജിയോ, അദാനി, ഫേസ്ബുക്ക്, ഗൂഗിൾ പോലുള്ള വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറുന്നു. നിങ്ങളൊരു കെണിയിൽ അകപ്പെട്ടിരിക്കുകയാണ്."- രാഹുൽ ഗാന്ധി വിദ്യാർത്ഥികളോട് പറഞ്ഞു.
"നിങ്ങളോട് ഇഷ്ടം പോലെ റീൽസ് കാണാനും വാട്സ്ആപ്പ് മെസേജ് അയയ്ക്കാനും ഇൻസ്റ്റഗ്രാമിൽ സമയം കളയാനും പറയും. ഇതാണ് 21-ാം നൂറ്റാണ്ടിലെ ലഹരി. എന്നിട്ട് നിങ്ങളോട് ബ്ലിങ്കിറ്റിലോ ഊബറിലോ ജോലി ചെയ്യാനോ മറ്റ് കൂലിപ്പണികൾ ചെയ്യാനോ പറയും. ഈ ലഹരിക്ക് അടിമപ്പെടാമെന്നല്ലാതെ, ഈ രാജ്യത്ത് നിങ്ങൾക്ക് ഒരു ജോലി കിട്ടില്ല"- രാഹുൽ ഗാന്ധി പറഞ്ഞു.
തൊഴിലവസരങ്ങൾ നൽകുന്ന പ്രധാന മേഖലകളെല്ലാം തകർക്കപ്പെട്ടുവെന്നും പൊതുമേഖലയെ സ്വകാര്യവൽക്കരിച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ലോകത്ത് എവിടെ നോക്കിയാലും 'മെയ്ഡ് ഇൻ ചൈന', 'മെയ്ഡ് ഇൻ വിയറ്റ്നാം', 'മെയ്ഡ് ഇൻ ബംഗ്ലാദേശ്' എന്നൊക്കെ കാണാം. പക്ഷെ 'മെയ്ഡ് ഇൻ ഇന്ത്യ' കാണില്ല. കാരണം, നോട്ട് നിരോധനവും തെറ്റായ ജിഎസ്ടിയും നമ്മുടെ നിർമ്മാണ മേഖലയെ തകർത്തു. തൊഴിൽ നൽകിയിരുന്ന ചെറുകിട വ്യവസായികളെയും തുകൽ, തുണി, ഓട്ടോമൊബൈൽ പോലുള്ള വ്യവസായങ്ങളെയും ഇല്ലാതാക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
إرسال تعليق